മദ്യമൊഴുകുന്നു; നടപടി പേരിനു മാത്രം
നാദാപുരം: കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യക്കടത്ത് വന്‍തോതില്‍ വര്‍ധിക്കുമ്പോഴും നടപടി പേരിനു മാത്രം. സംസ്ഥാനത്തിന്റെ അതിര്‍ത്തി പങ്കിടുന്ന മാഹിയുടെ ഭാഗമായ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലേക്ക് മദ്യം കൂടുതല്‍ എത്തിക്കുന്നത്. പന്തക്കല്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ വഴിയും പള്ളൂരില്‍ നിന്ന് കടവത്തൂര്‍, പെരിങ്ങത്തൂര്‍ ഭഗങ്ങളിലെ ഊടുവഴികളിലൂടെയുമാണ് മദ്യം കടത്തുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകത കടത്തുകാര്‍ക്ക് അനുകൂലമായതിനാല്‍ അധികാരികളുടെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണ്.
കടവത്തൂര്‍, പൊയിലൂര്‍ പ്രദേശങ്ങളില്‍ എത്തിക്കുന്ന മദ്യം ഇവിടെ നിന്ന് പാറക്കടവ് വഴി നാദാപുരം ഭാഗങ്ങളിലേക്കും കായലോട്ട് താഴെപാലം വഴി മലയോര മേഖലയിലേക്കുമാണ് കടത്തുന്നത്. രാത്രി കാലങ്ങളിലും ഉച്ച സമയത്തുമാണ് മദ്യം കടത്തുന്നത്. ഈ സമയങ്ങളില്‍ പൊലിസ് പരിശോധന കുറവായിരിക്കും. കുറ്റ്യാടി, തൊട്ടില്‍പ്പാലം, പേരാമ്പ്ര, കക്കട്ട്, വിലങ്ങാട്, കുണ്ടുതോട്, കല്ലാച്ചി, വളയം മേഖലയിലേക്കാണ് കൂടുതല്‍ മദ്യമെത്തുന്നത്. റോഡുകളില്‍ പൊലിസ് സാന്നിധ്യമുണ്ടോയെന്ന് അറിയാന്‍ ഓട്ടോയിലും ബൈക്കിലുമായി കടത്തുകാര്‍ക്ക് മുന്നിലു പിന്നിലും വേറെ വാഹനത്തില്‍ അകമ്പടിക്കാര്‍ സഞ്ചരിക്കും. ഇവര്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചാണ് കടത്തുകാരുടെ വാഹനം കടന്നുപോവുക.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ വില്‍പ്പനയുള്ള എം.സി, ഹണീബി പോലുള്ള 500 എം.എല്‍ മദ്യത്തിന് 500 രൂപയ്ക്ക് മുകളിലാണ് വില. എന്നാല്‍ ഇതേ ബ്രാന്‍ഡ് മദ്യത്തിന് മാഹിയില്‍ 200 രൂപയില്‍ താഴെയാണ് വില നല്‍കേണ്ടതുള്ളൂ. വിലയിലുള്ള വലിയ അന്തരമാണ് ജനങ്ങളെ മാഹിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്. മാഹിയില്‍ നിന്ന് വില്‍ക്കുന്ന മദ്യം കേരളത്തിലെത്തിക്കാന്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. നാദാപുരം എക്‌സൈസ് ഒരു വര്‍ഷത്തിനിടെ മദ്യം കടത്തിയതിന് ആഡംബര കാറുകളടക്കം നിരവധി വാഹനങ്ങളും കടത്തുകാരെയും പിടികൂടിയിരുന്നു.
എന്നാല്‍ എട്ട് കണ്‍ട്രോള്‍ വാഹനങ്ങളടക്കം പതിനഞ്ചിലേറെ പൊലിസ് വാഹനങ്ങളും നൂറിലേറെ പൊലിസുകാരും ഇരുപത്തിനാലു മണിക്കൂറും നാദാപുരം മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ടങ്കിലും ഒരാളെപ്പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."