തൃക്കൊടിത്താനം ഗവ: സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ചങ്ങനാശേരി: ഒന്നര നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യമുള്ള തൃക്കൊടിത്താനം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 18ന് രാവിലെ 9.30 മന്ത്രി ഡോ: തോമസ് ഐസക് നിര്‍വഹിക്കും.
സി.എഫ്.തോമസ് എം.എല്‍.എ അധ്യക്ഷനാകും.ജില്ലാപഞ്ചായത്ത് അംഗം വി.കെ സുനില്‍കുമാര്‍ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കവി എന്‍. പ്രഭാവര്‍മ്മ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു എന്നിവര്‍ സംസാരിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള മിഷന്റെ ഭാഗമായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത സംസ്ഥാനത്തെ 370 പൊതു വ്ദ്യാലയങ്ങളില്‍പെട്ടതാണ് തൃക്കൊടിത്താനം ഗവ. സ്‌കൂള്‍. ഒന്നാംഘട്ടത്തില്‍ ഏഴുകോടി 27ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപയും സി.എഫ്.തോമസ് എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരുകോടി രൂപയും തദ്ദേഷ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിടിഐയുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ പിരിച്ചെടുക്കുന്ന തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍,ഓഫീസ്,ആധുനിക ലാബ്, ലൈബ്രറി സൗകര്യങ്ങളോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും, ഹയര്‍ സെക്കന്ററി ബ്ലോക്കും എല്‍പി,പ്രീപ്രൈമറിബ്ലോക്കും ഉള്‍പ്പെടുന്നതാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം.
സര്‍ക്കാരിന്റെ അസാപ് കേന്ദ്രമായി ഈ സ്‌കൂളിനെ ഉയര്‍ത്തിയിട്ടുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ സജ്ജമാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവുറ്റ വിദ്യാലയമായി ഉയര്‍ത്തുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആറ് മുറികളുള്ള പുതിയ കെട്ടിടം നിര്‍മ്മാണം നടന്നുവരികയാണ്. ഈ കെട്ടിടത്തോടു ചേര്‍ന്ന് ആറ് മുറികളുള്ള പുതിയ കെട്ടിടം കൂടി നിര്‍മ്മിക്കും.
ഹൈസ്‌ക്കുള്‍, യുപി, എല്‍ പി വിഭാഗങ്ങള്‍ക്കായി ഈ കെട്ടിടത്തിനടുത്ത് 27 മുറികളുള്ള പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മിക്കും. ഈ കെട്ടിടത്തില്‍ ഓഫീസും ലാബും വിശാലമായ ലൈബ്രറിയും ഉണ്ടായിരിക്കും.മൂന്നുനിലയുള്ള ഹയര്‍സെക്കന്ററി ബ്ലോക്കും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഓഡിറ്റോറിയവും പവലിയനും മൈതാനത്തിന്റെ നവീകരണവും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന്റെ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2019ല്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി പദ്ധതി നടപ്പാക്കാനാണ് സ്‌കൂള്‍ പി ടി എ ആലോചന നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി നൂതന ശാസ്ത്ര സാങ്കേതിക പഠന പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായും പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം വി,കെ സുനില്‍കുമാര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു,പ്രിന്‍സിപ്പള്‍ ടി. ശ്രീലത, എം.എം എസ്.കബീര്‍കുട്ടി, സ്വാഗത സംഘം കണ്‍വീനര്‍ കെ.ജി പ്രസന്നന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."