യുവതിയുടെ കൊലപാതകം; പൊലിസ് വീഴ്ച വരുത്തിയെന്ന് മാതാവ്
തൊടുപുഴ: ഭര്‍തൃവീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന് മാതാവിന്റെ ആരോപണം. വെള്ളത്തൂവല്‍ കത്തിപ്പാറ തറയാനിയില്‍ ഏലിക്കുട്ടിയാണ് മകള്‍ അജിമോളു (27)ടെ കൊലപാതകത്തിലെ യതാര്‍ത്ഥ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നില്ലെന്നു വാര്‍ത്താസമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.
2016 ഡിസംബര്‍ 26നാണ് അജിമോള്‍ ഭര്‍ത്താവ് ബൈജുവിന്റെ ശാന്തമ്പാറയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. കഴുത്തില്‍ ബെല്‍റ്റ് പോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതിനാല്‍ ശ്വാസം മുട്ടിയും കഴുത്തെല്ല് ഒടിഞ്ഞുമാണ് അജിമോള്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. സംഭവത്തിനു ശേഷം അജിമോളുടെ ഭര്‍ത്താവ് ബൈജു അടിമാലി പൊലിസില്‍ കീഴടങ്ങുകയും ജയിലാവുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ പൊലിസ് വീഴ്ച വരുത്തിയെന്നാണ് അജിമോളുടെ മാതാവ് ഏലിക്കുട്ടിയുടെ പരാതി. മൂന്നുമാസം ജയിലില്‍ കിടന്ന ബൈജു പൊലിസ് കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ പുറത്തിറങ്ങിയെന്നാണ് ഇവരുടെ ആക്ഷേപം. അതോടൊപ്പം കൊലപാതകത്തിനു തലേന്ന് അജിമോളെ തന്റെ വീട്ടില്‍ നിന്ന് ബൈജു കൂട്ടിക്കൊണ്ടുപോവുമ്പോള്‍ സമീപവാസിയും ബൈജുവിന്റെ കൂട്ടുകാരനുമായ സന്തോഷ് എന്നയാളുമുണ്ടായിരുന്നതായും സന്തോഷിനും സംഭവത്തില്‍ പങ്കുണ്ടെന്നും ഏലിക്കുട്ടി പറയുന്നു. സന്തോഷ് അടക്കം 15 ഓളം പേര്‍ക്ക് അജിമോളുടെ മരണത്തില്‍ പങ്കുണ്ടെന്നും ഇവര്‍ക്കെതിരേ കേസ്സെടുത്ത് അന്വേഷണം നടത്തണമെന്നും ഏലിക്കുട്ടി ആവശ്യപ്പെടുന്നു. കൊലപാതകത്തിനു ശേഷം ബൈജുവിന്റെ ഫോണില്‍ നിന്നുപോയ കോളുകള്‍ പരിശോധിച്ചാല്‍ സംഭവം വ്യക്തമാവുമെന്നും ഏലിക്കുട്ടി പറഞ്ഞു.
അതേസമയം, കീഴടങ്ങിയ ബൈജുവിനെ ജയിലിലേക്ക് അയച്ചതല്ലാതെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാതിരുന്നത് പ്രതിയുടെയും കൂട്ടാളികളുടെയും പൊലിസിലുള്ള സ്വാധീനം മൂലമാണെന്നും വൃദ്ധ മാതാവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."