അരൂര്‍ ബൈപാസ് ജങ്ഷനില്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
അരൂര്‍: ബൈപാസ് ജങ്ഷനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കുവാന്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
രാത്രി പത്ത് മണിക്ക് ശേഷം സിഗ്‌നല്‍ സംവിധാനം ഇല്ലാത്തതിനാല്‍ തോപ്പുംപടി - വൈറ്റില ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവ് സംഭവമാണ് .
നിലവിലുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് രണ്ട് മാസത്തിന് മുമ്പ് ലോറി ഇടിച്ച് തകര്‍ത്തിരുന്നു.
ബൈപാസ് കവലക്ക് സമീപത്തായി മൂന്ന് സ്‌ക്കൂളുകള്‍, ക്രിസ്ത്യന്‍ പള്ളി , ബാങ്കുകള്‍ , പോസ്റ്റ് ഓഫിസ്,നിരവധി ഓഫിസുകള്‍ ,സമുദ്രോല്‍പന്ന സംസ്‌ക്കരണ ശാലകള്‍, മാര്‍ക്കറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. നിത്യേന നിരവധി ആളുകള്‍ ഈ പ്രദേശത്തുകൂടി വന്നു പോകുന്നു.
റോഡിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ റോഡ് മറികടക്കാന്‍ ബുദ്ധിമുട്ടാണ്. കെ.എസ്.ആര്‍.ടി.സി യുടെ ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെ കടന്നു പോകുന്നതിനാല്‍ മുഴുവന്‍ സമയവും ഗതാഗത നിയന്ത്രണ വിളക്കുകള്‍ ഉണ്ടായിരിക്കണമെന്ന പൊതു ജന അഭിപ്രായം റോഡ് അധികൃതര്‍ സ്വീകരിച്ചിട്ടില്ല .
ദിനംപ്രതി ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കുവാന്‍ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഇവിടെ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ മൂലം ജനങ്ങള്‍ ഭീതിയിലാണ് റോഡ് മുറിച്ചുകടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."