കേന്ദ്ര മെഡിക്കല്‍കോളജ്: വൈസ് ചാന്‍സലറുമായി ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി
പെരിയ: സി.യു.കെ മെഡിക്കല്‍ കോളജ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാടിന്റെ നേതൃത്വത്തില്‍ പെരിയയില്‍ മെഡിക്കല്‍ കോളജ് തുടങ്ങണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി. കേന്ദ്ര സര്‍വകലാശാലയെ പ്രതിനിധീകരിച്ചു വൈസ്ചാന്‍സലര്‍ ഡോ. വി ഗോപകുമാറിനെക്കൂടാതെ എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ.സി ബൈജു, ഡോ. കെ. ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ നായര്‍, ഫിനാന്‍സ് ഓഫിസര്‍ ഡോ. ബി. ജയകുമാര്‍, എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ കെ.ജി രാജഗോപാല്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഡോ. കെ. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് സാധാരണ ഗതിയില്‍ കേന്ദ്ര സര്‍വകലാശാലയില്‍ തുടങ്ങാറില്ലന്നും എന്നാല്‍ കാസര്‍കോട് ജില്ലയുടെ പിന്നാക്കാവസ്ഥയും കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ല എന്ന അവസ്ഥയും പരിഗണിച്ചു പി.ജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ ആരംഭിക്കാന്‍ എല്ലാവരും കൂടി സമ്മര്‍ദ്ദം ചെലുത്തിയാല്‍ സാധിക്കുമെന്നും വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ സര്‍വകലാശാലയില്‍ പബ്ലിക് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ കൂടാതെ ജീനോമിക് സയന്‍സ് ഉള്‍പ്പടെ വിവിധ ശാസ്ത്രവിഷയങ്ങളില്‍ വിഷയാന്തര ഗവേഷണം നടക്കുന്നുണ്ട് . ഒരു മെഡിക്കല്‍ പി.ജി ഡിപ്പാര്‍ട്‌മെന്റ് വന്നാല്‍ ഗവേഷണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ചികിത്സാ സൗകര്യം അപര്യാപ്തമായ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ കോളജ് പാക്കേജ് ധനകാര്യ മന്ത്രി ഏര്‍പ്പെടുത്തിയ അനുകൂല ഘടകം പ്രയോജനപ്പെടുത്തണമെന്നും അതിനു വേണ്ടി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു ഫണ്ട് കണ്ടെത്തണമെന്നും എക്‌സിക്യുട്ടിവ് അംഗം ഡോ. ബൈജു പറഞ്ഞു. എല്ലാവരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നീങ്ങണം. അതിനു മുന്നോടിയായി അടുത്ത എക്‌സിക്യുട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ തന്നെ തീരുമാനം എടുത്ത് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്കു നല്‍കുമെന്നും വി.സി അറിയിച്ചു.
50 ഏക്കര്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അവ ഇനിയും വിട്ടു നല്‍കിയിട്ടില്ല . ഇക്കാര്യം റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് . ഈ വിഷയത്തിലും കമ്മിറ്റി ഇടപെടണമെന്നും വി.സി കൂട്ടിച്ചേര്‍ത്തു.
കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ശ്രീകാന്ത്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, കാസര്‍കോടിനൊരിടം, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, പീപ്പിള്‍സ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."