പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി
കാസര്‍കോട്: പുണ്യങ്ങള്‍ വാരിവിതറുന്ന പൂക്കാലമായ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. ഇന്നലെ തന്നെ വ്രതാരംഭം തുടങ്ങുമെന്ന വിശ്വാസത്തില്‍ ആളുകള്‍ ഒരുങ്ങിയിരുന്നു. വീടുകളും പറമ്പുകളും സ്ഥാപനങ്ങളുമൊക്കെ വൃത്തിയാക്കിയും മസ്ജിദുകള്‍ക്കു പെയിന്റടിച്ചും റമദാനെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരുന്നു.
കഴിഞ്ഞ ദിവസം വീടുകളിലേക്കും മറ്റും ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു വിശ്വാസികള്‍. ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്നാണ് വ്രതം തുടങ്ങുന്നത്. പല വര്‍ഷങ്ങളിലും ഇതു മാറി മാറി വരാറുണ്ട്. ഇനിയുള്ള ഒരുമാസക്കാലത്തെ രാപ്പകലുകള്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിന് അനുഗ്രഹീത സാക്ഷിയാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.
മനസിനേയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാനാണ് റമദാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മനിയന്ത്രണവും പ്രധാനമാണ്. മസ്ജിദുകളിലും വിവിധ നാടുകളിലും നോമ്പ് തുറക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രാര്‍ഥനകളും മതപഠന ക്ലാസുകളും ഖുര്‍ആന്‍ ക്ലാസുകളുമായി മസ്ജിദുകള്‍ സജീവമാകും.
നോമ്പുതുറക്കുള്ള വൈവിധ്യങ്ങളായ ഈന്തപ്പഴങ്ങളും പഴങ്ങളും ജില്ലയിലെ വിപണി കീഴടക്കിയിട്ടുണ്ട്. കിലോക്ക് 6000 രൂപവരെ വിലയുള്ള ഈന്തപ്പഴങ്ങളും വിപണിയിലുണ്ട്. നോമ്പുതുറക്ക് മധുരമേകാനെത്തുന്ന ഈന്തപ്പഴത്തിന് ഇത്തവണ പൊതുവെ വില കുറവെന്നാണ് വ്യാപാരികള്‍ പറയുന്നത്.
റമദാനില്‍ ദാനധര്‍മ്മങ്ങള്‍ക്ക് മറ്റു കാലങ്ങളെക്കാള്‍ പുണ്യമുള്ളതിനാല്‍ വിവിധ സംഘടനകളുടെയും വ്യക്തികളുടേയും നേതൃത്വത്തില്‍ എങ്ങും റിലീഫ് പ്രവര്‍ത്തനങ്ങളും സജീവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."