ലഹരിയുടെ പിടിയിലായി കോവളം; കര്‍ശന നടപടി വേണം
കോവളം: കഞ്ചാവ് മാഫിയ കൈയടക്കിയ കോവളം മേഖലയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനും ശക്തമായ മടപടി വേണമെന്ന് പ്രദേശവാസികള്‍. കോവളത്തെ ടൂറിസം മേഖലയും വിഴിഞ്ഞം തീരദേശ മേഖലയും മുക്കോല, ചപ്പാത്ത് തുടങ്ങിയ ഗ്രാമീണ മേഖലയും കഞ്ചാവ് വില്പനക്കാരുടെ വിഹാര കേന്ദ്രങ്ങളായി മാറിയതായി ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ട് കിലോയോളം കഞ്ചാവുമായി ഒരു യുവാവിനെ സിറ്റി പൊലിസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലിസ് കോവളത്തു നിന്നും അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് ലഹരിക്കടിമകളാകുന്നവരുടെ എണ്ണം കൂടിയതോടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ സജീവമാണെങ്കിലും പടര്‍ന്നു പിടിക്കുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ പറ്റാതെ ബന്ധപ്പെട്ടവര്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കഞ്ചാവു കേസില്‍ പൊലിസ് പിടികൂടിയത് ഇരുപതോളം പേരെ. കോവളം ബീച്ച്, വിഴിഞ്ഞം, നോമാന്‍സ് ലാന്റ്, തിയേറ്റര്‍ ജംഗഷന്‍, മുക്കോല, ചപ്പാത്ത് എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍. യുവാക്കള്‍, വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് കച്ചവടം. ആന്ധ്ര, ഒറീസ, തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്ന് നാഗര്‍കോവിലില്‍ എത്തിക്കുന്ന കഞ്ചാവ് മൊത്ത വിലക്ക് വാങ്ങി കൊണ്ടുവരുന്ന സംഘങ്ങളാണ് ടൂറിസം, തീരദേശ മേഖലകളെ കൈയടക്കിയിരിക്കുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി വിദഗ്ധ്ധമായ രീതിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും ആഡംബര വാഹനങ്ങളിലും കൊണ്ടുവരുന്ന സംഘങ്ങളെ പിടികൂടുന്നതും അത്ര എളുപ്പമല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബീച്ചുകളില്‍ മണലില്‍ പൂഴ്ത്തിവച്ച് ആവശ്യക്കാര്‍ക്ക് ചെറിയ പൊതികളാക്കി വിതരണം നടത്തുന്നതാണ് രീതി. സ്‌കൂളുകളുടെ പരിസരവും ജനവാസ കേന്ദ്രങ്ങളും ചുറ്റിപ്പറ്റിയുള്ള കച്ചവടവും സജീവമാണ്. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിയിലായാല്‍ കാര്യമായ ശിക്ഷ ലഭിക്കില്ലെന്നതും വലിയ ലാഭം ലഭിക്കുമെന്നതുമാണ് ലഹരിക്കടത്ത് മേഖലയിലേക്ക് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്. ഒരു ഗ്രാമിന് 150 മുതല്‍ 200 രൂപ വരെയാണത്രെ ഈടാക്കുന്നത്.
ലഹരി ഉപഭോഗം കൂടിയതോടെ മേഖലയില്‍ അക്രമം മോഷണം, സംഘര്‍ഷം, പിടിച്ചുപറി എന്നിവയും കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. താരതമ്യേന ആളൊഴിഞ്ഞ മുക്കോല ആശുപത്രിക്ക് സമീപത്ത് ആഡംബര കാറുകളിലും ഓട്ടോകളിലും കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ കൊണ്ടു പോകാന്‍ ബൈക്കുകളില്‍ യുവാക്കളെത്തും. ഇവര്‍ക്ക് സംരക്ഷണ നല്‍കാന്‍ പോലും ആള്‍ക്കാരുണ്ടാകും. കോവളം വിനോദസഞ്ചാര കേന്ദ്രം കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരുടെ വിഹാരകേന്ദ്രമാണ്. ഒറ്റതിരിഞ്ഞെത്തുന്ന വിദേശികളെയും ഉത്തരേന്ത്യക്കാരെയും വലയിലാക്കാന്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലിസും സമ്മതിക്കുന്നുണ്ട്. സീസണ്‍ തുടങ്ങിയ ശേഷം കോവളം പൊലിസ് കഞ്ചാവ് വില്‍പനക്കാരായ പത്തോളം പേരെ അകത്താക്കിയിട്ടുണ്ട്.
ശിക്ഷയെക്കുറിച്ച് ഭയമില്ലാത്ത സംഘം പൂര്‍വാധികം ശക്തിയോടെ കച്ചവടം കൊഴുപ്പിക്കുന്നതായും അധികൃതര്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. കഞ്ചാവ് ചെറിയ അളവില്‍ വില്‍പന നടത്തുന്നവര്‍ക്കും തക്ക ശിക്ഷ നല്‍കിയാലേ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ സാധിക്കുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."