ഗൃഹനാഥനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
ശ്രീകണ്ഠപുരം: ചന്ദനക്കാംപാറയിലെ കര്‍ഷകനായ ഗൃഹനാഥനെ കഞ്ചാവു കേസില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.
ഉളിക്കല്‍ കാലാങ്കി സ്വദേശികളായ തെക്കേ മുറിയില്‍ സണ്ണി വര്‍ഗ്ഗീസ് (49), റോയി ടി.എല്‍ (38) എന്നിവരാണ് പിടിയിലായത്. 2017 മെയ് 29 ന് ചന്ദനക്കാംപാറ ചാപ്പക്കടവിലെ ജോസഫിന്റെ വീട്ടുമുറ്റത്തെ സ്ക്കൂട്ടറില്‍ 175 ഗ്രാം കഞ്ചാവ് വെക്കുകയും ജോസഫിനെ കുടുക്കാന്‍ എക്സൈസ് സംഘത്തിന് രഹസ്യവിവരം നല്‍കുകയും ചെയ്ത സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇരിട്ടിയിലെ സെമിനാരി വിദ്യാര്‍ഥിയെ അവിടുത്തെ വൈദികനായ ഫാദര്‍ ജെയിംസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് വ്യക്തി വിരോധം തീര്‍ക്കാനായാണ് പ്രതികള്‍ ജോസഫിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ഫാദര്‍ പീഡിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയുടെ അടുത്ത ആളെന്ന നിലയില്‍ ജോസഫ് ശക്തമായ നിലപാടെടുത്തിരുന്നു. കേസ് ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും ജോസഫ് വഴങ്ങാത്തതിനാല്‍ ഫാ: ജയിംസിനെ പൊലിസ് അറസ്റ്റു ചെയ്യുകയും അതോടെ ഫാദറിനെ സഭ പുറത്താക്കുകയും ചെയ്തിരുന്നു.
ഫാ ജയിംസിന്റെ സഹോദരനാണ് സണ്ണി വര്‍ഗിസ്. സംഭവത്തിന് ശേഷം വൈദികന്റെ കുടുംബത്തില്‍ നിന്ന് ജോസഫിന്റെ കുടുംബത്തിന് നിരന്തരം വധഭീഷണിയുള്‍പ്പെടെ ഉണ്ടായിരുന്നത്രെ. വ്യാജ കഞ്ചാവ് കേസിന്റെ ഗൂഢാലോചനയില്‍ ഫാ. ജയിംസിനും പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇയാളും കേസില്‍ പ്രതിയാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."