കാര്‍ത്തികപുരം പുഴയ്ക്ക് മരണമണി
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ കാര്‍ത്തികപുരം പ്രദേശത്ത് പുഴയോരം സ്വകാര്യവ്യക്തികള്‍ കൈയേറിയതായി പരാതി.
മണിയന്‍കൊല്ലി, കാര്‍ത്തികപുരം എന്നീ പാലങ്ങള്‍ക്കു സമീപത്താണു കൈയേറ്റം വ്യാപകമായി നടക്കുന്നത്. സ്വകാര്യ വ്യക്തികള്‍ പുഴ കൈയേറി നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ തുടങ്ങിയിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. കര്‍ണാടക വനത്തില്‍ നിന്ന് ഉല്‍ഭവിച്ച് കൊടുംവേനലിലും വറ്റാതെ ഒഴുകിയിരുന്ന കാര്‍ത്തികപുരം പുഴയുടെ പലഭാഗങ്ങളും മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണു പലഭാഗങ്ങളിലായി സ്വകാര്യവ്യക്തികള്‍ കൈയേറിയത്.
പുഴയോരത്തെ ചെറിയ കാടുകള്‍ എല്ലാം വെട്ടിവെളിപ്പിച്ചാണു കൈയേറ്റം നടത്തുന്നത്. ഉദയഗിരി പഞ്ചായത്ത് ഓഫിസിന്റെ മൂക്കിനുകീഴെ നടക്കുന്ന കൈയേറ്റം അധികൃതര്‍ കണ്ട മട്ടില്ല. പുഴയോരം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കാത്തതു വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. കോണ്ക്രീറ്റ് വേസ്റ്റുകള്‍ വ്യാപകമായി തള്ളിയതിനുശേഷം മുകളില്‍ മണ്ണിട്ട് നികത്തിയാണു കൈയേറ്റങ്ങള്‍ നടന്നത്.
ഉരുളന്‍ കല്ലുകള്‍ കൂട്ടിയിട്ട് പുഴയുടെ ഒഴുക്ക് തിരിച്ചുവിട്ടതിനു ശേഷമാണു കോണ്‍ക്രീറ്റ് ഭിത്തിനിര്‍മിച്ച് പുഴ കെട്ടിയെടുക്കുന്നത്. സിമന്റ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ കലരാന്‍ തുടങ്ങിയതോടെ പുഴയിലെ ജൈവസമ്പത്തിനും നാശം സംഭവിക്കുന്നുണ്ട്. മണിയന്‍കൊല്ലി പാലം യാതാര്‍ഥ്യമാകുന്നതിനു മുന്‍പ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന പഞ്ചായത്ത് റോഡ് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണു സ്വകാര്യവ്യക്തി സ്വന്തമാക്കിയത്. പുഴയോരം അളന്നു തിട്ടപ്പെടുത്താത്തതാണു കൈയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കാതെ വരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."