ഫിറോസിന് ആയിരങ്ങളുടെ യാത്രാമൊഴി
കഠിനംകുളം: സൗഹൃദവും സ്‌നേഹവും കൊണ്ട് സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ടവനാവുകയും കാരുണ്യവും മനുഷ്യ സ്‌നേഹവും നല്‍കി ജന്മനാടിന്റെ ഉറ്റമിത്രവുമായി മാറിയ ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഫിറോസിന് കണിയാപുരം പള്ളിനട ഖബര്‍സ്ഥാനില്‍ ആയിരങ്ങളുടെ യാത്രാമൊഴി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് സ്വവസതിയായ കണിയാപുരം സ്റ്റേഷന്‍ വ്യൂവില്‍ വിശ്രമത്തിലിരിക്കെ ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടിനുള്ളില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മുന്‍ എം.എല്‍.എ അലിക്കുഞ്ഞ് ശാസ്ത്രിയുടെയും നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായി ജനിച്ച ഫിറോസ് എന്ന ഫിറോസ് അലി ഖാന്‍ പള്ളിപ്പുറം ഗവ. എല്‍.പി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച് സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കഴക്കൂട്ടം സൈനിക സ്‌ക്കൂളിലായിരുന്നു. തുടര്‍ന്ന് ചെമ്പഴന്തി എസ്.എന്‍ കോളജില്‍ ബിരുദവും അത് കഴിഞ്ഞ് കാര്യവട്ടം കാമ്പസില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹത്തിന് ആ സമയം തന്നെ പി.ആര്‍.ഡിയില്‍ ജോലിയും ലഭിച്ചു.
സര്‍വിസിന്റെ നല്ലൊരു ഭാഗവും ഡല്‍ഹിയിലായിരുന്നു ചിലവഴിച്ചത്. കേരള ഹൗസിന്റെ ചുമത വഹിക്കുകയും പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറായും ഡല്‍ഹിയിലുള്ളപ്പോള്‍ ഡല്‍ഹി മലയാളികളെ ഏകോപിക്കുന്നതിനും സാമൂഹിക സാംസ്‌ക്കാരിക കൂട്ടായ്മക്ക് നേതൃത്വം നല്കുന്നതിനും ഫിറോസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 40-ാം വയസില്‍ തന്നെ കേരള സര്‍ക്കാരിന്റെ ഉന്നത പദവികള്‍ ഈ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ തൊഴില്‍ മേഖലയിലെ കഴിവും അര്‍പ്പണബോധവും സാമൂഹ്യ വീക്ഷണവുമായിരുന്നു. കേരള സര്‍ക്കാരിന്റെ പി.ആര്‍.ഡിയിലെ ഒരു ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെ മലയാളി ഹൗസിന്റെ ചുമതല വഹിക്കുമ്പോഴാണ് 50-ാമത്തെ വയസില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദ്ദേഹത്തെപി.ആര്‍.ഡി ഡയറക്ടറായി ചുമത ഏല്‍പിക്കുന്നത്. തുടര്‍ന്ന് അടുത്ത കാലത്തുണ്ടായ ചില ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനത്ത് നിന്ന് നീക്കി ശേഷം ശുചിത്വമിഷന്‍ ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ച ഫിറോസ് തനിക്കെതിരെയുള്ള കേസുകളില്‍ നിന്നും വിമുക്തനായി.
വരുന്ന ഒന്നാം തിയതി വിശ്രമം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഔദ്യോഗിക ജീവിതയാത്രയില്‍ ഇദ്ദേഹം നേടിയെടുത്തത് ആയിരക്കണക്കിന് സൗഹൃദങ്ങളായിരുന്നു. ഒഴിവ് സമയങ്ങളില്‍ ജന്മനാട്ടിലെ എല്ലാ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപ്പെട്ടിരുന്ന ഫിറോസിന്റെ വിയോഗം ജന്മനാടിനെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ അന്തിമോചാരം അര്‍പ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയത് ആയിരങ്ങളാണ്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എം.പി അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ.സമ്പത്ത് എം.പി, ജില്ലാ കലക്ടര്‍ വെങ്കിടേസപതി, മേയര്‍ വി.കെ.പ്രശാന്ത്, അഡീഷണല്‍ ചീഫ് സെക്രട്ടറി ലീലാ തോമസ്, പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍മാരായ അബ്ദുല്‍ ഹക്കിം, പി.വിനോദ് , ഷാജഹാന്‍ ഐ.എ.എസ്, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, മുന്‍ എല്‍.എല്‍.മാരായ എം.എ.വാഹിദ്, പാലോട് രവി തുടങ്ങി സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വെകിട്ട് 3.30 ഓടെ കണിയാപുരം പള്ളിനട മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."