റോഡ് രണ്ടു വരിപ്പാതയായി നിലനിര്‍ത്തി നവീകരിക്കാന്‍ പദ്ധതി
പട്ടാമ്പി: പട്ടാമ്പി -പള്ളിപ്പുറം മുതല്‍ കുളപുള്ളി ഐ.പി.ടി വരെയുള്ള 12.5 കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ പദ്ധതി. സമഗ്ര മുന്നൊരുക്കപഠന റിപ്പോര്‍ട്ടും രൂപരേഖയും പൊതുമരാമത്തുവകുപ്പ് അധികൃതര്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചു.
പ്രോജക്ട് പ്ലാനിങ് യൂനിറ്റ് തിരുവനന്തപുരത്തുനിന്ന് വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാനുണ്ട്. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ചെയ്യാനാവും. നിലവില്‍ പട്ടാമ്പി റെയില്‍വേപ്പാലം മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡ് ഇടുങ്ങിയാണുള്ളത്. കാല്‍നടപ്പാതയും ഇവിടെയില്ല. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. നാട്ടുകാര്‍ക്ക് റോഡ് മുറിച്ചുകടക്കാനും മാര്‍ഗമില്ല.
അപകടം പതിയിരിക്കുന്ന ഇടങ്ങളാണ് പട്ടാമ്പി സ്റ്റാന്‍ഡ് മുതല്‍ കമാനംവരെയുള്ളത്. പാലക്കാട്, പെരിന്തല്‍മണ്ണ, വളാഞ്ചേരി, ചെര്‍പ്പുളശ്ശേരി ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്കും ഗുരുവായൂരിലേക്കും വാഹനങ്ങള്‍ വരുന്ന പ്രധാന റോഡാണിത്. ഭാവിയില്‍ നിളക്ക് കുറുകെ പാലവും പഴയകടവില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് റോഡ് മേല്‍പ്പാലവും വന്നാല്‍ ഈ റോഡ് ഏറെ സൗകര്യപ്രദമാവും. ഇതിന്റെ തുടര്‍ച്ചയായി കൊടുമുണ്ട, മുതുതല, തൃത്താലകൊപ്പം നവീകരിക്കാനുള്ള പദ്ധതിയുമുണ്ട്. അതും പ്രാവര്‍ത്തികമായാല്‍ ഒരു പരിധിവരെ പട്ടാമ്പിയില്‍ നല്ല റോഡുകളാകും.
പദ്ധഥി തുടക്കത്തില്‍ നാലുവരിപ്പാതയാക്കി നവീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, 20മീറ്റര്‍ വിതിയില്‍ എല്ലാഭാഗത്തും റോഡ് വീതികൂട്ടാന്‍ ഏറെ തടസമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടുവരിപ്പാതയാക്കുകയാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു.
നാലുവരിപ്പാതയാക്കാന്‍ വനംവകുപ്പിന്റെ സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. വീടുവെച്ചവരുടെ സ്ഥലം ഒഴിപ്പിക്കേണ്ടിയും വരും. വാടാനാംകുറിശ്ശി ഭാഗത്ത് അടുത്ത് പണിയാന്‍ പോകുന്ന റെയില്‍വേ മേല്‍പ്പാലം റോഡിനും വീതി രണ്ടുവരിപ്പാതയുടേതാണ്. ഇതെല്ലാം കണക്കിലെടുത്താണ് രണ്ടുവരിപ്പാത തന്നെ പണിയുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ജനപ്രതിനിധികളുടെ സമ്മതത്തോടെ തീരുമാനിച്ചത്.
നാലുവരിപ്പാതയാക്കാന്‍ ചെലവ് 24കോടി രൂപയാവും. 2016ല്‍ റോഡിന് 15കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. റോഡിന്റെ ഉയര്‍ച്ച താഴ്ചകളും വളവുകളും ഇല്ലാതാക്കി കാല്‍നടപ്പാതയും സീബ്രാലൈനും അടങ്ങുന്ന ഗുണമേന്മയുള്ള റോഡ് നിര്‍മിക്കാനാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."