സിനിമാ തിയറ്ററിലെ ബാലപീഡനം നുണപ്രചരണവുമായി നേതാവിനൊപ്പം അണികള്‍; തെളിവുകള്‍ വന്നയുടനെ പോസ്റ്റ് പിന്‍വലിച്ചു
കൂറ്റനാട്: എടപ്പാളിലെ ബാലികാപീഡനകേസ് പ്രതി മൊയ്തീന് കുട്ടി കെ.എം.സി.സി അംഗമാണെന്ന വ്യാജപ്രചരണവുമായി തൃത്താലയിലെ സി.പി.എം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് മുന്‍ തൃത്താല എം.എല്‍.എയും, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ വി.കെ ചന്ദ്രന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.
ഈ വിഷയത്തില്‍, പ്രസ്താവന പിന് വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുസ്ലിം യൂത്ത് ലീഗ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തൃത്താലയിലെ സൈബര്‍ സഖാക്കള്‍ കെ.എം.സി.സിക്കും മുസ്ലീം ലീഗിനുമെതിരേ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചത്.
നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരേ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തൃത്താല പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹിയുമായ ആളാണ് മൊയ്തീന് കുട്ടി കെ.എം.സി.സിയുടെ അംഗമാണെന്ന് തെളിയിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആ ഫോട്ടോ അബൂദബിയിലെ കെ.എം.സി.സി ഹാളില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേതായിരുന്നു. നിരവധി കോണ്‍ഗ്രസ്, സി.പി.എം അനുഭാവികളും ആ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളതായി ഫോട്ടോയില്‍ തന്നെ വ്യക്തമാണ്. ഫോട്ടോക്ക് താഴെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും, അനുഭാവികളില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നതോടെയാണ് ഏരിയാ കമ്മിറ്റി അംഗത്തിന് ഫോട്ടോ പിന്‍വലിക്കേണ്ടി വന്നത്.
ഈ ചിത്രം ഷെയര്‍ ചെയ്ത പാര്‍ട്ടിയുടെ നവമാധ്യമ വിഭാഗം നേതാവും പോസ്റ്റ് ഡിലീറ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യാപകമായ നുണപ്രചരണമാണ് സി.പി.എം ഈ വിഷയത്തില്‍ മുസ്ലിം ലീഗിനെതിരേ നടത്തുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സി.പി.എമ്മിന്റെ ചില പ്രാദേശികനേതാക്കള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ടെന്ന് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ പ്രതിരോധിക്കാനെന്ന പേരിലാണ് ലീഗിനെതിരേയുള്ള പ്രചരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."