ആഘോഷമായി വള്ളിയൂര്‍ക്കാവ് ഉത്സവം
മാനന്തവാടി: വയനാടിന്റെ ആഘോഷമായ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് കൊടിയേറിയതോടെ നാടും നഗരവും ഉണര്‍ന്നു. മീനം ഒന്നിന് തുടങ്ങി പതിനഞ്ചിന് സമാപിക്കുന്ന വള്ളിയൂര്‍ക്കാവ് ഉത്സവം തുടങ്ങി ഏഴാം നാളാണ് കൊടിയേറ്റം.
വയനാടാകെ ഒത്തു ചേരുന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ജനങ്ങള്‍ ഈ ഉത്സവപ്പറമ്പില്‍ ഒത്തുചേരും. കാര്‍ഷിക ജില്ലയായ വയനാട്ടിലെ ജനങ്ങള്‍ ഗതകാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നതും കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയിരുന്നതും വിത്തുകള്‍ ശേഖരിച്ചിരുന്നതും ഈ ഉത്സവപ്പറമ്പില്‍വച്ചായിരുന്നു. അടിമക്കച്ചവടവും ഇവിടെ നടന്നിരുന്നു. കാവെന്നത് ആദിവാസികള്‍ക്കിന്നും വികാരമാണ്. ഒരുകാവ് അവസാനിച്ചാല്‍ അന്നുതുടങ്ങും പിറ്റേ വര്‍ഷത്തെ കാവിനായുള്ള കാത്തിരിപ്പും ഒരുക്കവും. കാവിന്റെ അവസാന നാളായ മാര്‍ച്ച് 28ന് പുലരുന്നതു മുതല്‍ വയനാടന്‍ ഊരുകളിലെ വഴികളെല്ലാം അവസാനിക്കുന്നത് കാവിലാണ്. വൈകുന്നേരമാകുമ്പോഴേക്കും മാനന്തവാടി താലൂക്കിലെ വിവിധ കാവുകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നുമുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവിലേക്ക് പ്രയാണം തുടങ്ങും. ഗജവീരന്മാരും വാദ്യമേളങ്ങളും താലപ്പൊലിയും കാലരൂപങ്ങളും എല്ലാം ചേര്‍ന്ന വര്‍ണാഭമായ യാത്രയാണത്. രാത്രിയോടെ കാവിലെത്തുന്ന അടയറകള്‍ക്ക് ശേഷം ആറാട്ട് നടക്കും. കോലംകൊറയോടെയാണ് ഉത്സവത്തിനു തിരശീലവീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."