തകര്‍ത്തു പെയ്ത് വേനല്‍മഴ: ആശ്വാസത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
വടക്കാഞ്ചേരി: ഇടവമാസത്തിലും തകര്‍ത്തു പെയ്യുന്ന വേനല്‍ മഴയില്‍ നാടാകെ ജലസമൃദ്ധി. മേടമാസം അവസാനത്തോടെ തുടങ്ങി ഇടവത്തിലേക്കും നീളുന്ന ശക്തമായ മഴയില്‍ യഥാര്‍ഥത്തില്‍ ലോട്ടറിയടിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
വേനലിനെ നേരിടാന്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഒന്നും ചെയ്യേണ്ടതില്ലെന്നത് അവര്‍ക്കു നല്‍കുന്ന ആഹ്ലാദം ചില്ലറയല്ല. ഇതിനു വേണ്ടി വന്‍ തുക മാറ്റിവെക്കുന്നത് ഒഴിവാക്കാമെന്നതും ആഹ്ലാദകരമാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഈ കാലം കുടിവെള്ള പ്രക്ഷോഭത്തിന്റെ കാലമായിരുന്നെങ്കില്‍ ഇന്ന് പ്രതിഷേധ ചൂടില്ലാതെ ജനപ്രതിനിധികള്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താമെന്നതും സന്തോഷകരമാണെന്ന് ജനപ്രതിനിധികളും പറയുന്നു. വടക്കാഞ്ചേരി മേഖലയിലെ പ്രധാന ജലസ്രോതസായ വാഴാനി ഡാമില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നിട്ടുണ്ട്. മഴ ആരംഭിക്കുന്നതിന് മുമ്പ് 2.5 മില്യണ്‍ എം. ക്യൂബ് മാത്രമായിരുന്നു ജലത്തിന്റെ അളവ്. ഇപ്പോഴത് 3.18 മില്യണ്‍ എം.ക്യൂബായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതു രണ്ടു മില്യണ്‍ എം. ക്യൂബ് ആയിരുന്നുവെന്നു ഇറിഗേഷന്‍ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കനാലിലൂടേയും തോട്ടിലൂടേയും വെള്ളം ആവശ്യാനുസരണം തുറന്നു വിട്ടതിന് ശേഷമാണു ഇത്രയും ഉയര്‍ന്ന ജലസമൃദ്ധിയെന്നത് വരള്‍ച്ചാ ഭീഷണി അകറ്റുകയാണ്. എങ്ങും കാണുന്ന ജലസമ്പന്നത പരിസ്ഥിതി സ്‌നേഹികള്‍ക്ക് പകരുന്ന സന്തോഷവും ചില്ലറയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."