ആത്തൂര്‍ കൊമ്പന്‍ വീണ്ടും പ്രകോപിതനായി; രണ്ട് വീടുകള്‍ തകര്‍ത്തു
മുതലമട: ആത്തൂര്‍ കൊമ്പന്‍ വീണ്ടും പ്രകോപിതനായി. രണ്ട് വീടുകള്‍ തകര്‍ത്തു. നടപടിയെടുക്കാതെ വനംവകുപ്പ്. മൂച്ചങ്കുണ്ട് മൊണ്ടി പതിക്കാട്ടില്‍ ചൊവ്വ രാത്രിയെത്തിയ ആത്തൂര്‍ കൊമ്പന്‍ ഗണേശന്റെ വീട് തകര്‍ത്ത് തെങ്ങുകള്‍ നശിപ്പിച്ചു.
രാത്രി പതിനൊന്നു മണിക്ക് എത്തിയ ആത്തൂര്‍ കൊമ്പന്‍ വീടിനകത്ത് കയറാനുള്ള ശ്രമത്തിനിടെയാണ് വീടിന്റെ മുന്‍വശം തകര്‍ത്തത്.
തുടര്‍ന്ന് തൊട്ടടുത്തുള്ള സഹോദരന്‍ ശിവസുബ്രമണ്യത്തിന്റെ വീട്ടിലെത്തി വാതില്‍ പൊളിച്ചുമാറ്റി അകത്തുള്ള കാലിത്തീറ്റ വലിച്ച് പുറത്തിടുകയും മാവും തെങ്ങുകളും നശിപ്പിച്ചു.
രാത്രി പത്തരക്ക് എത്തിയ കൊമ്പന്‍ പുലര്‍ച്ചെ നാലരവരെ വീടുകള്‍ക്കു സമീത്തു നിലയുറപ്പിച്ചു. ശേഷം തെന്മലയോരത്തേക്ക് പോയതിനു ശേഷമാണ് ഗണേശന്‍, ശിവസുബ്രമണ്യന്‍ വീട്ടുകാര്‍ക്ക് ആശ്വാസമായത്. ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആത്തൂര്‍ കൊമ്പനെ തിരിച്ച് സത്യമംഗലം വനമേഖലയിലേക്ക് തിരിച്ചുവിട്ടില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് പഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ മുന്നറിയിപ്പു നല്‍കി.
വനംവകുപ്പ് സ്ഥലം പരിശോധിച്ച് തിരിച്ചുപോകുന്നതല്ലാതെ മറ്റു പണികളൊന്നും ചെയ്യുന്നില്ലെന്നും ചെമ്മണാമ്പതി മേഖലയിലുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലായതിനാല്‍ അപകടകാരിയായ ആത്തൂര്‍ കൊമ്പനെ തിരിച്ചു കൊണ്ടു വിട്ടില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പെടെയുള്ള സമരങ്ങള്‍ നടത്തുമെന്ന് മൂച്ചങ്കുണ്ട് വാസികള്‍ മുന്നറിയിപ്പു നല്‍കി.
അടിവാര മേഖലയില്‍ നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാകുമെന്ന ഭീതിയിലാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നതെന്നതിനാല്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."