യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ സി.ബി.ഐ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസ് ഹാസില്‍ ഇക്കു എന്ന മുഹമ്മദ് ഇക്ബാല്‍, തളങ്കരയിലെ ജാക്കി ഹനീഫ എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒന്നും രണ്ടും പ്രതികളാണിവര്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റ് മൂന്ന്‌പേരെ കോടതി വെറുതെ വിട്ടു. തായലങ്ങാടി മാളിക വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍, ചെങ്കള മുട്ടത്തൊടി എം.എം മുഹമ്മദ്, ഉപ്പള മണ്ണംങ്കുഴിയിലെ ഹാജി മലങ്ക് അബൂബക്കര്‍ എന്നിവരേയാണ് വെറുതെ വിട്ടത്.
2001 സെപ്തംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗൂഡാലോചനയെ തുടര്‍ന്ന് ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റി കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരി കടവിന് സമീപം വെച്ച് കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. ഇതര സമുദായത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന വിരോധത്തിലാണ് കൊലയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ലോക്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് റിട്ടയേര്‍ഡ് തഹസില്‍ദാര്‍ വിദ്യാനഗര്‍ പെടവടുക്കത്തെ ഗോപാലന്‍ ഹൈക്കോടതിയ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
സംഭവം നടക്കുന്ന സമയത്ത് ബാലകൃഷ്ണന്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കൊറിയര്‍ സര്‍വീസ് സ്ഥാപനം നടത്തുകയായിരുന്നു. സംഭവ ദിവസം പ്രതികള്‍ സന്ധ്യയോടെയാണ് ബാലകൃഷ്ണനെ കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."