വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം; പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു
കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പരവനടുക്കത്തെ സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്ചാര്ജിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. ബി.ബി.എം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഒന്നാം വര്‍ഷ ഡിഗ്രിയുടെ സപ്ലിമെന്റ് പരീക്ഷ എഴുതിയത് ഈ സ്കൂളിലാണ്. കഴിഞ്ഞ ദിവസം പരീക്ഷക്കെത്തിയപ്പോള്‍ വിദ്യാര്‍ഥിനി ഹാള്‍ടിക്കറ്റ് എടുക്കാന്‍ മറന്നു പോയിരുന്നു.
ഇതേ തുടര്‍ന്ന് ഇന്നലെ ഹാള്‍ടിക്കറ്റ് കൊണ്ടുവന്നു കാണിക്കണമെന്ന ഉപാധിയോടെ വിദ്യാര്‍ഥിനിയെ പരീക്ഷക്കിരുത്തിയതായി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ഇന്നലെ ഹാള്‍ടിക്കറ്റുമായി സ്കൂളിലെത്തുകയും ഈ സമയത്ത് അനാവശ്യകാര്യങ്ങള്‍ സംസാരിച്ചു വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതുമായാണ് പരാതി.
ഇതേതുടര്‍ന്നു പെണ്‍കുട്ടി സ്കൂളില്‍നിന്നു പുറത്തിറങ്ങുകയും നാട്ടുകാരോടു വിവരം ധരിപ്പിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രിന്‍സിപ്പലിനെ കൈകാര്യം ചെയ്തത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ കാസര്‍കോട് പൊലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുപ്പിനു ശേഷം കേസെടുക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."