റമദാനില്‍ ഹറമില്‍ നിരീക്ഷണത്തിനു ഡ്രോണുകളും; ആദ്യ തറാവീഹില്‍ തന്നെ ഇരു ഹറമുകളും വിശ്വാസ നിബിഡം
മക്ക: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അനര്‍ഘ നിമിഷങ്ങളെ ആരാധന കൊണ്ട് ധന്യമാക്കാനായി ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും ഇരു ഹറമുകളിലേക്കും വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു.
ആദ്യ തറാവീഹില്‍ തന്നെ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കു കൊണ്ടത്. മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ മസ്ജിദ് ന്നബവിയിലും ആദ്യ തറാവീഹ് നിസ്‌കാരത്തിനുള്ള നിര പുറത്തേക്ക് നീണ്ടു. ഇരു ഹറമുകളിലും എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഹറം കാര്യാലയം മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഇരു ഹറമുകളിലെയും മുഴുവന്‍ വാതിലുകളും റോഡുകളും തുറന്നത് വിശ്വാസികള്‍ക്ക് സുഖകരമാകും. മദീനയിലെ മസ്ജിദുന്നബവിയിലെ ആദ്യ തറാവീഹ് നിസ്‌കാരത്തിന് ശൈഖ് മഹ്മൂദ് ഖലീല്‍, ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈ എന്നിവര്‍ നേതൃത്വം നല്‍കി.
ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ഹറമിലെ നിരീക്ഷണത്തിനായി ഡ്രോണുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. ഇതാദ്യമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വാന നിരീക്ഷണം നടത്തുന്നത്. വിവിധ ഭാഗങ്ങളിലെ റോഡുകളിലും മുറ്റങ്ങളിലും നടപ്പാതകളിലുമുണ്ടാകുന്ന ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് ഇവ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. പുണ്യ ഭൂമിയില്‍ എത്തുന്ന വിശ്വാസികളുടെ സുരക്ഷയാണ് പ്രാധാന്യമെന്നു ഉംറ ഫോഴ്‌സ് ഡെപ്യുട്ടി കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ അഹ്മദ് പറഞ്ഞു.
ഡ്രോണുകളും സുരക്ഷാ വിമാനങ്ങളും വഴി വിവിധയിടങ്ങള്‍ നിരീക്ഷിക്കുന്നതിന് പുറമെ ഹറം പള്ളിക്കകത്തെ നിരീക്ഷണത്തിനു മാത്രമായി 2,500 ക്യാമറകളാണ് ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്നത്. 2,400 സുരക്ഷാ പോലീസുകാര്‍, ഹറമിന് ചുറ്റും നിരീക്ഷണത്തിനായി 1,300 സുരക്ഷാ നിരീക്ഷണ സംഘം എന്നിവയും ഇവിടെ സജീകരിച്ചതായി മക്ക പോലീസ് ഡയറക്റ്റര്‍ മേജര്‍ ജനറല്‍ ഫഹദ് ബിന്‍ മുതലഖ് അല്‍ ഖുസൈമി പറഞ്ഞു. കൂടാതെ ഹറം പള്ളിയുടെ ചുറ്റു ഭാഗത്ത് നിന്ന് വിവിധയിടങ്ങളിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളും സംവിധാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."