ജൂലൈ ഒന്നു മുതല്‍ പുത്തന്‍ ഡോറുമായി ബസുകള്‍ റോഡിലിറക്കണം; ബസുടമകള്‍ നെട്ടോട്ടത്തില്‍
കോട്ടയം: ഇനി സമയമില്ല, വെറും നാലു ദിവസം മാത്രം ബാക്കി. ബസുകള്‍ക്ക് ന്യൂമാറ്റിക്ക് ഡോര്‍(ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍) ജൂലൈ ഒന്നു മുതല്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന ഉത്തരവിറങ്ങിയതോടെ ഉടമകള്‍ നെട്ടോട്ടത്തിലാണ്.ടൗണ്‍, സിറ്റി സര്‍വീസ് ബസുകളില്‍ ചവിട്ടുപടിയോടു ചേര്‍ന്ന് സുരക്ഷിതമായ ഡോര്‍ ഉണ്ടായിരിക്കണം എന്നാണ് ഉത്തരവ്.
കോട്ടയം ജില്ലയില്‍ 275 സ്വകാര്യ ബസുകളാണ് സിറ്റി സര്‍വീസ് നടത്തുന്നത്. ഇത്രയും ബസുകള്‍ക്ക് ആവശ്യമായ ഡോര്‍ സാമഗ്രികള്‍ കിട്ടാനില്ല, മാത്രവുമല്ല ഇവ നിര്‍മിക്കാനുള്ള സമയവുമില്ല.
വര്‍ക്ക് ഷോപ്പുകളില്‍ ജോലിക്കാരുടെ കുറവുമുണ്ട്. ഓരോ ബസിന്റെയും വാതില്‍ അളവനുസരിച്ചാണ് ന്യൂമാറ്റിക് ഡോര്‍ (ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതില്‍) നിര്‍മിക്കേണ്ടത്. പുതുതായി പണിയുന്ന വാതില്‍ ഘടിപ്പിക്കാന്‍ മാത്രം രണ്ടു ദിവസം വര്‍ക്‌ഷോപ്പില്‍ ചിലവിടണം.
സ്വിച്ച് സഹായത്തില്‍ തുറക്കാവുന്ന ഒരു ന്യൂമാറ്റിക് ഡോറിന് 30,000 രൂപയാണ് ചെലവുവരിക. എല്ലാ ബസുകളിലും രണ്ടു വാതില്‍ നിര്‍ബന്ധമാണ്. ഇതിനായി 60,000 രൂപ ഉടമകള്‍ അടിയന്തരമായി ചെലവഴിക്കണം.
പഴയ മോഡല്‍ വാതില്‍ വച്ചാല്‍ അത് തുറക്കാനും അടയ്ക്കാനും ഡോര്‍ കീപ്പര്‍മാര്‍ നിര്‍ബന്ധമാണ്.
ഡോര്‍ കീപ്പര്‍ ജോലിക്കു തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ എയര്‍ പ്രഷറില്‍ ഡ്രൈവര്‍ക്ക് സ്വിച്ച് അമര്‍ത്തി തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന ഡോര്‍ വയ്ക്കുകയേ നിവൃത്തിയുള്ളു. പ്രധാനപ്പെട്ട ടൗണുകളില്‍നിന്നും 15 കിലോമീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലേക്കാണ് ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിവരുന്നത്.
മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുപ്രകാരം സിറ്റി ബസുകള്‍ക്ക് ഡോറിനു അടപ്പ് വേണ്ടെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ സിറ്റി, ടൗണ്‍ ബസുകള്‍ ഡോര്‍ വച്ചിരുന്നില്ല. 1989ലെ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയിരിക്കുന്നത്.
പുതിയ ബസുകളേറെയും ന്യുമാറ്റിക് വാതില്‍ വച്ചാണ് ബോഡി ചെയ്തിറക്കുന്നത്. എന്നാല്‍ പഴയ ടൗണ്‍ ബസുകളുടെ വാതിലിന് അടപ്പുകളില്ല. വാതില്‍ ഘടിപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."