അഴിമതി തടയാന്‍ സര്‍വിസ് സംഘടനകള്‍ ഇടപെടണം: മുഖ്യമന്ത്രി ഡെപ്യൂട്ടേഷന്‍ പ്രോത്സാഹിപ്പിക്കില്ല
തിരുവനന്തപുരം: സിവില്‍ സര്‍വിസ് അഴിമതി മുക്തമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വിസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വിസ് ശക്തിപ്പെടുത്തുകയെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. പി.എസ്.സി മുഖേന ഇതിനോടകം 70,000 ഓളം പേരെ നിയമിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
13,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അത്യാവശ്യം വേണ്ടിടത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനം നേടുന്നത് വകുപ്പിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ അതു പ്രോത്സാഹിപ്പിക്കില്ല.
വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും പൂര്‍ണമായും നിരുത്സാഹപ്പെടുത്തും. ജീവനക്കാര്‍ സമയത്ത് ഓഫീസിലുണ്ടായിരിക്കണമെന്നത് ഉറപ്പു വരുത്താന്‍ ഓഫിസ് മേലധികാരികള്‍ ശ്രദ്ധിക്കണം. ഒക്ടോബറോടുകൂടി ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കും. പുതുതായി സര്‍വീസിലെത്തുന്നവര്‍ക്ക് നിശ്ചിതകാലം പരിശീലനം നല്‍കണമെന്ന നിര്‍ദേശം പരിഗണിക്കും.
ജീവനക്കാര്‍ പെരുമാറ്റച്ചട്ടം ശീലിക്കണമെന്നും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നതില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നവമാധ്യമ രംഗത്ത് കാണിക്കേണ്ട മിതത്വം പലപ്പോഴും പല ജീവനക്കാരും കാണിക്കുന്നില്ല.
ഇക്കാര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ തയാറാകണം. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമേ സംവരണം ബാധകമാകൂ എന്നും ബൈട്രാന്‍സ്ഫര്‍, പ്രമോഷന്‍ വിഭാഗക്കാരുടെ കെ.എ.എസ് നിയമനത്തില്‍ സംവരണം ബാധകമാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കെ.എ.എസ് താമസംവിനാ നടപ്പിലാക്കും.
ഡിജിറ്റല്‍ ഫയലിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. ഇ- ഗവേണന്‍സും ഇ- ഫയലിങും എല്ലാ ഓഫിസുകളിലും പ്രാവര്‍ത്തികമാക്കും. പൊതുജനങ്ങള്‍ കൂടുതലായി ബന്ധപ്പെടുന്ന ഓഫിസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഉണ്ടാകണം.
സേവനാവകാശ നിയമം പൊതുവില്‍ പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വിസ് നടപ്പാക്കാന്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് സംഘടനകള്‍ ഉറപ്പുനല്‍കി. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."