പോളണ്ടിനെക്കുറിച്ച് മിണ്ടും...
പോളണ്ടിനെ കുറിച്ച് ഒരക്ഷരമല്ല പറയേണ്ടത്. ചിലത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍ റഷ്യയിലേക്ക് വരുന്നത്. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെ ചുറ്റിയാണ് അവരുടെ നിലവിലെ പ്രതീക്ഷകള്‍. ഫിഫ റാങ്കിങില്‍ പത്താം സ്ഥാനത്താണ് പോളണ്ട് ടീം. എട്ടാം തവണയാണ് പോളണ്ട് ലോകകപ്പിന് യോഗ്യത നേടുന്നത്. 1938ല്‍ ആദ്യമായി യോഗ്യത നേടിയ അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
പിന്നീട് 1974, 78, 82, 86 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫൈനല്‍ റൗണ്ടിലേക്ക് കടന്ന അവര്‍ രണ്ട് തവണ മൂന്നാം സ്ഥാനം നേടി കരുത്തറിയിച്ചു. എന്നാല്‍ പിന്നീട് മൂന്ന് ലോകകപ്പുകളില്‍ പോളണ്ടിന് യോഗ്യത നേടാന്‍ സാധിച്ചില്ല. പിന്നീട് 2002, 2006 വര്‍ഷങ്ങളില്‍ കളിക്കാനെത്തിയ പോളണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2010, 14 വര്‍ഷങ്ങളിലും അവര്‍ യോഗ്യതാ കടമ്പ കടന്നില്ല. യൂറോ കപ്പിലേക്കുള്ള അവരുടെ വരവും ഏറെ കാലത്തിന് ശേഷമാണ്. 2008ലാണ് അവര്‍ ആദ്യമായി യൂറോയ്‌ക്കെത്തിയത്. 2008ലും 12ലും ആദ്യ റൗണ്ടില്‍ പുറത്തായ പോളണ്ട് ടീം 2016ല്‍ ക്വാര്‍ട്ടര്‍ വരെയെത്തി മികവ് തെളിയിച്ചു.
2013 മുതല്‍ ടീമിന്റെ പരിശീലകനായി രംഗത്തുള്ളത് ആദം നവല്‍കയാണ്. പോളണ്ടിന്റെ നിലവിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതും നവല്‍ക തന്നെ. സ്ഥാനമേറ്റെടുത്ത ഉടനെ അദ്ദേഹം ചെയ്തത് പരമ്പരാഗതമായി പോളിഷ് ടീം കളിച്ചുകൊണ്ടിരുന്ന ശൈലി മാറ്റുകയായിരുന്നു. അതുവരെ കൗണ്ടര്‍ അറ്റാക്കില്‍ ശ്രദ്ധയൂന്നി കളിച്ച പോളണ്ട് നവല്‍കയുടെ വരവോടെ ആക്രമണത്തില്‍ കൂടുതല്‍ ശ്രദ്ധിച്ച് എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള കളിയിലേക്ക് മാറി. ഇത് അവരുടെ മുന്നേറ്റത്തിന് കാര്യമായ ഇടം നല്‍കുന്ന തരത്തിലായതോടെ ടീം കുതിച്ചു. പ്രതിരോധത്തിലായിരുന്നു എല്ലാ കാലത്തും അവര്‍ക്ക് മുഖ്യ പോരായ്മയുണ്ടായിരുന്നത്. ഇതിനും പരിഹാരം കണ്ട് നവല്‍ക തന്ത്രമോതിയത് ടീമില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ക്യാപ്റ്റന്‍ ലവെന്‍ഡോസ്‌കിക്കൊപ്പം നാപോളി മുന്നേറ്റ താരം അര്‍കാഡിയസ് മിലികും ചേരുന്നത് അവര്‍ക്ക് കരുത്ത് പകരും.
പരിചയ സമ്പന്നനായ ജകുബ് ബ്ലസികോവ്‌സ്‌കി, കാമില്‍ ഗ്രോസികി, സിലിയെന്‍സ്‌കി എന്നിവരടങ്ങുന്ന മധ്യനിര മികച്ചതാണ്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ലുകാസ് പിസെക്, മൊണാക്കോ താരം കാമില്‍ ഗിലിക്, 22കാരനായ സതാംപ്ടന്‍ താരം യാന്‍ ബെഡ്‌നാര്‍ക് എന്നിവരടങ്ങുന്ന പ്രതിരോധവും കരുത്തുറ്റത് തന്നെ. ഗോള്‍ കീപ്പറായി ആദ്യ ഇലവനില്‍ നറുക്ക് വീഴാന്‍ സാധ്യത യുവന്റസ് താരം സെസനിക്കാവും. സ്വാന്‍സീ സിറ്റിയുടെ വെറ്ററന്‍ താരം ലുകാസ് ഫാബിയന്‍സ്‌കിയും ഒപ്പം റോമയുടെ ലുകാസ് സ്‌കോറുപ്‌സ്‌കിയും വല കാക്കാന്‍ രംഗത്തുണ്ട്. റഷ്യയില്‍ ഗ്രൂപ്പ് എച്ചിലാണ് പോളണ്ട്. ലോകകപ്പിലെ പ്രവചനം അസാധ്യമായൊരു ഗ്രൂപ്പെന്ന് ഇതിനെ വിശേഷിപ്പിക്കാം. പോളണ്ടിന് നേരിടാനുള്ളത് സെനഗല്‍, കൊളംബിയ, ജപ്പാന്‍ ടീമുകളെയാണ്. പോളണ്ടിന് മുന്നോട്ട് എത്രത്തോളം എത്താന്‍ കഴിയുമെന്ന് കണ്ടറിയേണ്ട വസ്തുതയെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."