കാമറ സ്ഥാപിച്ചിട്ടും രക്ഷയില്ല; അജ്ഞാത ജീവിയുടെ ആക്രമണം വീണ്ടും ഇത്തവണ ഇരയായത് കോഴി
ചിങ്ങവനം: അജ്ഞാത ജീവിയെ കുടുക്കാന്‍ കാമറ സ്ഥാപിച്ചിട്ടും രക്ഷയില്ല. ഇന്നലെ കുഴിമറ്റത്തുവീണ്ടും അജ്ഞാത ജീവിയുടെ അക്രമണം ഉണ്ടായി. പൂച്ചയുടെ മുഖവും നായയുടേതിനേക്കാള്‍ വലിയ ശരീരരവുമുള്ള ജീവി ഇന്നലെ കോഴിയെ പിടികൂടി. ഇന്നലെ ഉച്ചയോടെ കുഴിമറ്റം പള്ളിയ്ക്കു സമീപവുള്ള വീട്ടിലാണു ജീവിയുടെ ആക്രമണം ഉണ്ടായത്.
മുതലേകരി രാജന്‍ ജോണിന്റെ പുരയിടത്തില്‍ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. ജീവിയെ കണ്ട രാജനും കുടുംബാംഗങ്ങളും ബഹളംവച്ച് ജീവിയെ ഓടിച്ചെങ്കിലും അരമണിക്കൂറിനു ശേഷം വീണ്ടും ഇതേ വീട്ടിലെത്തി കോഴിയെ പിടികൂടുകയായിരുന്നു.എന്നാല്‍ ഒച്ച കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കോഴിയെ ഉപേക്ഷിച്ചു അജ്ഞാത ജീവി രക്ഷപ്പെട്ടു. കൈകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തില്‍ കടിക്കുകയാണ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിറ്റുണ്ട്.
പൂച്ചയുടെ മുഖമുള്ള അജ്ഞാത ജീവിയ്ക്കു നീളമേറിയ വാലുണ്ടെന്നും കാഴ്ചയില്‍ ആരെയും ഭയപ്പെടുത്തുന്ന രൂപമാണെന്നും ദൃസാക്ഷികള്‍ പറയുന്നു. സംഭവമറിഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.ജൂണ്‍ രണ്ടിന്, അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഇന്നലെ അജ്ഞാത ജീവിയെ കണ്ട സ്ഥലത്തിനു നൂറു മീറ്റര്‍ അകലെയുള്ള മൈലാടുംകുന്ന് വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകള്‍ ചത്തിരുന്നു. തുടര്‍ന്ന് അജ്ഞാത ജീവിയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഒരു ദിവസം അജ്ഞാ ജീവി കൂട്ടില്‍ അകപ്പെട്ടുവെങ്കിലും കൂട് തകര്‍ത്തു രക്ഷപ്പെട്ടു. കൂട് പിന്നീട് വനംവകുപ്പ് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കൂട് സ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."