എന്‍.സി അസ്താന ബി.എസ്.എഫിലേക്ക് വിജിലന്‍സ് ഡയറക്ടര്‍ പദവി സര്‍ക്കാരിന് വീണ്ടും തലവേദനയാകും
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി അസ്താന കേന്ദ്ര സര്‍വിസിലേക്ക് മാറുന്നതോടെ പദവിയിലേക്ക് വിശ്വസ്തനെ കണ്ടെത്തല്‍ സര്‍ക്കാരിനു വീണ്ടും തലവേദനയാകും. ഡി.ജി.പി പദവിയിലുള്ള അസ്താന ബി.എസ്.എഫ് അഡിഷനല്‍ ഡയറക്ടര്‍ ജനറലായാണ് കേന്ദ്ര സര്‍വിസിലേക്കു പോകുന്നത്. നേരത്തെ കേന്ദ്ര സര്‍വിസില്‍നിന്നു കേരളത്തിലേക്ക് മടങ്ങിയ അസ്താന പ്രത്യേക അനുമതി വാങ്ങി ഡല്‍ഹിയില്‍ തന്നെ തുടരുകയായിരുന്നു.
കുടുംബപരമായി പ്രശ്‌നങ്ങളുള്ളതിനാല്‍ ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന പ്രത്യേക അപേക്ഷയെ തുടര്‍ന്ന് കേരള ഹൗസില്‍ ഓഫിസര്‍ ഓഫ് സ്‌പെഷല്‍ ഡ്യൂട്ടിയും പൊലിസ് നവീകരണ വിഭാഗത്തിന്റെ ചുമതലയും നല്‍കി. ഇതിനിടയിലാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെ ചൊല്ലി വിവാദമുണ്ടായത്.
കോടതി ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ കേഡര്‍ പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡി.ജി.പി എന്‍.സി അസ്താനയെ കൊണ്ടുവരികയായിരുന്നു. ആദ്യം മുതലേ പദവിയില്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍നിന്ന് സംസ്ഥാനത്തേക്കു എത്തിയെങ്കിലും സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ കേന്ദ്ര സര്‍വിസിലേക്കു പോകാനുള്ള ശ്രമം തുടങ്ങിയിരുന്നു.
അസ്താന കേന്ദ്രത്തിലേക്കു മടങ്ങിപ്പോകുന്നതോടെ സീനിയറായ ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്കൂടി ഡി.ജി.പി പദവി ലഭിക്കും.നിലവിലെ ഡി.ജി.പി പദവിയുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിനും എ. ഹേമചന്ദ്രനും വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കാന്‍ മുഖ്യമന്ത്രിക്കു താല്‍പര്യമില്ല. പിന്നെയുള്ള ഡി.ജി.പിമാരില്‍ ബെഹ്‌റ പൊലിസ് മേധാവിയും ജേക്കബ് തോമസ് സസ്‌പെന്‍ഷനിലുമാണ്.
അതേസമയം, സി.പി.എമ്മിനാകട്ടെ ഹേമചന്ദ്രന്‍ വരുന്നതിനോട് എതിര്‍പ്പില്ല. സംസ്ഥാനത്ത് 12 ഡി.ജി.പിമാരുണ്ടെങ്കിലും ഇവരൊഴികെയുള്ളവര്‍ക്ക് എ.ഡി.ജി.പിയുടെ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളു. അതിനിടെ ഡി.ജി.പി പദവിയിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങും കേന്ദ്ര സര്‍വിസിലേക്ക് ഉടന്‍ പോകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."