സാമൂഹിക സുരക്ഷാ പെന്‍ഷന്‍: തിരുത്തലുകള്‍ക്ക് 20 ദിവസം
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഡാറ്റ എന്‍ട്രിയില്‍ തിരുത്തലുകള്‍ വരുത്താന്‍ 20 ദിവസം അനുവദിച്ചു. ജൂണ്‍ അഞ്ചു വരെ ഡാറ്റ എന്‍ട്രി നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഏറെ അനര്‍ഹര്‍ ഉള്‍പ്പെട്ടതോടെ പരിശോധനകള്‍ നടത്താന്‍ ഡാറ്റ എന്‍ട്രി തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
ഇതോടെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തിലായി. ഇതുപരിഹരിക്കാനാണ് സര്‍ക്കാര്‍ 20 ദിവസത്തെ സാവകാശം നല്‍കിയത്.
ഡാറ്റ ബേസില്‍ ഉള്‍പ്പെടുകയും സാക്ഷ്യപത്രത്തിലും ബാങ്ക് അക്കൗണ്ടിലും പിശകു സംഭവിക്കുകയും പ്രാദേശിക സര്‍ക്കാരുകളുടെ സെക്രട്ടറിമാര്‍ ഡിജിറ്റല്‍ ഒപ്പു രേഖപ്പെടുത്താതെ വരികയും ചെയ്തതോടെ അര്‍ഹരായവര്‍ പെന്‍ഷന്‍ ലഭിക്കാതെ വലഞ്ഞു. ഡാറ്റ ബേസില്‍ ഉള്‍പ്പെടുകയും സത്യവാങ്മൂലം സമര്‍പ്പിക്കാതെയും ആധാര്‍ നമ്പര്‍ രേഖപ്പെടുത്താതെയും തെറ്റായ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് നമ്പര്‍, തെറ്റായ ഐ.എഫ്.എസ്.സി കോഡ്, സെക്രട്ടറിയുടെ ഡിജിറ്റല്‍ ഒപ്പില്ലാതെ വരിക തുടങ്ങിയ കാരണങ്ങളാല്‍ പെന്‍ഷന്‍ ലഭിക്കാതെ വന്ന ഗുണഭോക്താക്കളുടെ കാര്യത്തിലാണ് ആവശ്യമായ തിരുത്തലുകള്‍ ആവശ്യമുള്ളത്.
ഡാറ്റ ബേസില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സംവിധാനം അടിയന്തരമായി ഒരുക്കാന്‍ ഡി.ബി.ടി സെല്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം വിവിധ കാരണങ്ങളാല്‍ അനര്‍ഹരാണെന്ന് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്ത ഗുണഭോക്താക്കളെ ഡാറ്റ ബേസില്‍നിന്ന് ഒഴിവാക്കാനും പ്രാദേശിക സര്‍ക്കാരുകളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സസ്‌പെന്‍ഡ് ചെയ്തവരെ യാതൊരു കാരണവശാലും പ്രാദേശിക തലത്തില്‍ തിരികെ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തില്ല. തെറ്റായി ഒഴിവാക്കപ്പെട്ടെന്ന് ബോധ്യമുള്ളവരെ ഉള്‍പ്പെടുത്താന്‍ ഡി.ബി.ടി സെല്ലിന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം. ഡി.ബി.ടി സെല്ലാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത്. ഡി.ബി.ടി സെല്ലിന്റെ അനുമതിയോടെ മാത്രമേ ഗുണഭോക്താവിന് ഡാറ്റ ബേസില്‍ പുനഃപ്രവേശിക്കാനും അനുമതിയുള്ളു.
സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കണം. 15 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ വന്നാല്‍ അത്തരക്കാരെ ഡാറ്റ ബേസില്‍നിന്ന് ഒഴിവാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."