ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്‌സൈസ് വകുപ്പിന്റെ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. സ്‌കൂള്‍ തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബിനുള്ള അവാര്‍ഡ് കണ്ണൂര്‍ പേരാവൂരിലെ തൊണ്ടിയില്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളജ് തലത്തിലുള്ളത് കോഴിക്കോട് ജില്ലയിലെ ജെ.ഡി.ടി ഇസ്്‌ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും ഏറ്റുവാങ്ങി.
മികച്ച സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ് അംഗത്തിനുള്ള അവാര്‍ഡ് കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡിംപിള്‍ മരിയ ഡൊമനിക്കും കോളജ് തലത്തിലെ അവാര്‍ഡ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ ഷെറിന്‍ പി ജോസഫും മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള അവാര്‍ഡ് എം.സ്റ്റാര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകനും കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കുട്ടിപ്പട്ടാളം ലഹരിവിരുദ്ധ ക്ലബ് കണ്‍വീനറുമായ എന്‍.ടി റാല്‍ഫിയും ഏറ്റുവാങ്ങി. മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവാര്‍ഡ് ചങ്ങനാശേരി ചെത്തിപ്പുഴ കുരിശുംമൂട് സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിനാണ് ലഭിച്ചത്. വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആശംസ അര്‍പ്പിച്ചു. അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ കെ. ജീവന്‍ ബാബു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സ്വാഗതവും അഡീഷണല്‍ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."