തെന്‍മല പീഡനം മുഖ്യപ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം
പുനലൂര്‍: തെന്‍മല പീഡനക്കേസിലെ മുഖ്യപ്രതിക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. നേരത്തെ പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച മുഖ്യപ്രതി അജിത്ത് സംസ്ഥാനം വിട്ടതായാണു സൂചന.
പതിനാലുകാരിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചത് സ്വന്തം പിതാവും മാതാവിന്റെ കാമുകനും അയല്‍വാസികളും ചേര്‍ന്നായിരുന്നു. അറസ്റ്റിലായവരെ ഇവര്‍ താമസിച്ചിരുന്ന ആര്യങ്കാവ് കുളിര്‍കാട്, പുളിയറ, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഇന്നലെ കൊണ്ടുപോയി തെളിവെടുത്തു.
തിരുവനന്തപുരം വിതുര വേമല തല്ലച്ചിറ തടത്തഴികത്തു വീട്ടില്‍ സജി (സജീവ് 23), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാതാവിനൊപ്പം താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി അജിത്ത്, പെണ്‍കുട്ടിയുടെ പിതാവ്, പുളിയറയിലെ അയല്‍വാസി കറുപ്പസ്വാമി എന്നിവരാണ് ഒളിവിലുള്ളത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു മാതാവും ഫാമിന്റെ മേല്‍നോട്ടക്കാരനും ചേര്‍ന്നു തിങ്കളാഴ്ച പരാതി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടി തിരിച്ചെത്തിയെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു മാതാവെത്തിയത് സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തവെയാണു പീഡന വിവരം പുറത്തായത്. പൊലിസ് ചോദ്യം ചെയ്തതോടെ മാതാവിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു. മാതാവിനാപ്പം 2017ല്‍ മൂന്നു മാസം താമസിച്ച ആളടക്കം മൂന്നുപേര്‍ക്കായാണ് പൊലിസ് തിരച്ചില്‍ ശക്തമാക്കിയത്.
മാതാവ് കാമുകന് വേണ്ടിയായിരുന്നു ആദ്യം മകളെ കാഴ്ച്ചവെച്ചത്. പിന്നീട് അയല്‍വാസികള്‍ക്കും പീഡനത്തിന് ഒത്താശ ചെയ്തു. ഇവരുടെ കൈയില്‍ നിന്ന് പണം വാങ്ങുകയും ചെയ്തിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഫാമില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ കാണാതായ കേസ് അന്വേഷിച്ച തെന്മല പൊലിസ് ചൊവ്വാഴ്ച രാത്രിയാണ് പീഡന വിവരം അറിഞ്ഞത്.
കഴിഞ്ഞ കുറെ മാസങ്ങളായി മാതാവിന്റെയും വളര്‍ത്തച്ഛന്റെയും അറിവോടെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണു പൊലിസ് കണ്ടെത്തല്‍.
റൂറല്‍ എസ്.പി ബി. അശോകന്‍, ഡിവൈ.എസ്.പി അനില്‍കുമാര്‍, സി.ഐ സുധീര്‍, തെന്മല എസ്.ഐ വി.എസ് പ്രവീണ്‍, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."