കാംകോ തൊഴിലാളികളുടെ സത്യഗ്രഹ സമരം പിന്‍വലിച്ചു
നെടുമ്പാശ്ശേരി: പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോര്പറേഷന് (കാംകോ) തൊഴിലാളികള്‍ എ.ഐ.ടി.യു.സി യൂനിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി നടത്തിവന്ന സത്യഗ്രഹ സമരം പിന്‍വലിച്ചു. അത്താണിയിലെ ഹെഡ് ഓഫീസിന് മുന്നിലായിരുന്നു സമരം നടത്തിവന്നത്. ചെയര്മാന് പി. ബാലചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
കാംകോ മാനേജിങ് ഡയറക്ടറുടെ ഓഫിസിന് മുന്പില് കഴിഞ്ഞ നാലിനാണ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. സ്ഥിരം മാനേജിങ് ഡയറക്ടറെ നിയമിക്കുക, സ്പെയര്‍ പാര്‍ട്ട്സ് ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കൃഷി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുന്നതിന് സന്ദര്‍ഭം ഒരുക്കാമെന്ന ചെയര്‍മാന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഇടക്കാലാശ്വാസം അനുവദിക്കുന്ന വിഷയത്തില്‍ കഴിഞ്ഞ 14ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുകൂല തീരുമാനം എടുത്തതായും ചെയര്മാന് സമരക്കാരെ അറിയിച്ചു. യൂണിയനെ പ്രതിനിധികരിച്ച് സെക്രട്ടറി എസ്. രമേശന്, ജോ: സെക്രട്ടറി ഷിജുമോന്, യൂണിറ്റ് കണ്വിനറിമാര് എം.ആര് സൂരാജ്, എ.കെ. സജീവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സി.പി.ഐ മന്ത്രിക്ക് കൃഷി വകുപ്പിന്റെ ചുമതലയുണ്ടായിട്ടും എ.ഐ.ടി.യു.സി യൂണിയന് സമരം നടത്തേണ്ടി വന്നത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.ഇതോടെ സമരം അവസാനിപ്പിച്ചാല്‍ മാത്രമെ ചര്ച്ചയുള്ളുവെന്ന നിലപാടിലായിരുന്നു മന്ത്രിയും പാര്‍ട്ടിയും. എന്നാല്‍ തൊഴിലാളികള്‍ സമരം ശക്തമാക്കുമെന്ന് കണ്ടതോടെ ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ നോമിനിയായ ചെയര്മാന് ഇടപെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."