ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ബാലന്‍
പാലക്കാട്: ഫോക്‌ലോര്‍ അക്കാദമി നല്‍കുന്ന പുരസ്‌കാരങ്ങളുടെ മൂല്യം മറ്റു അക്കാദമികളുടേതിന് തുല്യമായി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കേരള സാംസ്‌കാരിക വകുപ്പ് ഫോക്്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസങ്ങളിലായി കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന നാടന്‍ കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോക്‌ലോറിന് പ്രോത്സാഹനം നല്‍കുകയെന്നത് വലിയൊരു വികസന കാഴ്ചപ്പാട് കൂടിയാണ്. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗദ്ദിക നാടന്‍ കലാമേളയും വിപണന മേളയും ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. തനത് കലയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണവും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ വികസനവുമാണ് ഗദ്ദിക സാംസ്‌കാരികോത്സവം. അപൂര്‍വമായി മാത്രം പൊതുസമൂഹത്തിന് ദര്‍ശിക്കാന്‍ കഴിയുന്ന നിരവധി കലാപ്രകടനങ്ങള്‍ മേളയുടെ ഭാഗമായിരുന്നു. അതിന് ഫോക്‌ലോര്‍ അക്കാദമിയുടെ സഹായവും ഉണ്ടായിരുന്നു.
പാര്‍ശ്വവല്‍കൃതരെന്ന് കരുതി ജീവിക്കുന്ന ഒരു വിഭാഗത്തെ അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് തന്നെ ആത്മവിശ്വാസവും ആത്മാഭിമാനവും ഉയര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന സമഗ്രമായ വികസന കാഴ്ചപ്പാടാണ് ഗദ്ദികപോലുള്ള പരിപാടികളിലൂടെ ഈ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പാലക്കാട് ജില്ലയിലെ കലാരൂപങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുവാനും, സമൂഹജീവിതത്തിന്റെ വളര്‍ച്ചയില്‍ അവ വഹിച്ചിട്ടുള്ള പങ്കെന്തെന്ന് പരിശോധിക്കാനും ഈ കലോത്സവം ഉതകും. കണ്യാര്‍കളിയിലും കതിരുവേലയിലുമൊക്കെ പ്രകടമാകുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും സവിശേഷതകള്‍ ഈ കാലഘട്ടത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്.
കലാകരന്മാര്‍ക്കുള്ള ചികിത്സാസഹായം ഇതിനകംതന്നെ 10,000 രൂപ പരമാവധി എന്നതില്‍ നിന്ന് 25,000 രൂപയിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് തുകയും ഏപ്രില്‍ മുതല്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാടന്‍കലകളുടെ സംരക്ഷണം, അവതരണം, കലാകാരന്മാരുടെ ക്ഷേമപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ആലോചിച്ച് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ട ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ ജനകീയമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങള്‍, ഫിലിം സിറ്റി, സ്ഥിരം ഫിലിം ഫെസ്റ്റിവെല്‍ വേദി എന്നിവ ഈ വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും.
സാഹിത്യ അക്കാദഡമി, കേരള സംഗീത-നാടക അക്കാഡമി, കേരള ലളിതകലാ അക്കാഡമി, കേരള ഫോക്‌ലോര്‍ അക്കാഡമി എന്നിവയുടെ ബജറ്റ് വിഹിതം 50 ശതമാനം ഉയര്‍ത്തി 17.16 കോടി രൂപയാക്കി. 1000 യുവകലാകാരന്‍മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10,000 രൂപ വീതം നല്‍കും. ഇതിനായി 13.5 കോടി രൂപ, ഗ്രാമീണ കലാകാരന്‍മാരുടെയും ക്രാഫ്റ്റ്‌സ്മാന്‍മാരുടേയും ആര്‍ട്ട് ഹബ്ബ് രൂപീകരിക്കുന്നതിന് ഒരുകോടി രൂപ, കലാകാരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തിക്കൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥിരം നാടകവേദിക്ക് 3 കോടി എന്നിങ്ങനെ വകയിരുത്തി. ഒ.എന്‍.വി.യുടെ സ്മാരകമായി അഞ്ചു കോടി ചിലവില്‍ സാംസ്‌കാരിക സമുച്ചയം എന്നിവ നിര്‍മിക്കും. ഈ വര്‍ഷം രണ്ട് കോടി വകയിരുത്തിയിട്ടുണ്ട്.
സി.ജെ. കുട്ടപ്പന്‍ അധ്യക്ഷനായിരുന്നു. കെ.പി.എ.സി. ലളിത, പി. ഷേര്‍ളി, മുണ്ടൂര്‍ സേതുമാധവന്‍, ഡോ. എ.കെ. നമ്പ്യാര്‍, ടി.ആര്‍. അജയന്‍, ജെ. റജികുമാര്‍, കെ. ഗംഗാധരന്‍, ലളിത ബി. മേനോന്‍, വി.കെ. സുരേന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."