രാജ്യത്ത് ഇനി ഡിഫ്തീരിയക്ക് മരുന്നില്ല
മലപ്പുറം: ഡിഫ്തീരിയ രോഗത്തിനുള്ള ആന്റിടോക്‌സിന്‍ രാജ്യത്ത് എവിടെയും ലഭിക്കാനില്ല. ഡല്‍ഹിയിലുണ്ടായിരുന്ന ശേഷിക്കുന്ന മരുന്നെല്ലാം കേരളത്തിലെത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ആന്റിടോക്‌സിന്റെ ലഭ്യത രാജ്യത്ത് തീര്‍ന്നത്. മലപ്പുറം ജില്ലയില്‍ അഞ്ചു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഡല്‍ഹയില്‍ ആകെയുള്ള 50 വയല്‍ ആന്റിടോക്‌സിന്‍ മലപ്പുറത്തേക്ക് എത്തിക്കുന്നത്. 65,000 രൂപ ചെലവു വരുന്ന മരുന്ന് ഇന്ന് കേരളത്തിലെത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍കുമാര്‍ സുപ്രഭാതത്തോടുപറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഡിഫ്തീരിയ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന ആരോഗ്യ വകുപ്പ് നിഗമനത്തിലെത്തിയതോടെയാണ് രാജ്യത്ത് മരുന്നിന്റെ ഉല്‍പ്പാദനം നിര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ അഞ്ചു കുട്ടികളില്‍ ഡിഫ്തീരിയ രോഗ ലക്ഷണം കാണുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തതോടെയാണ് മരുന്നിന്റെ ലഭ്യതക്കുറവ് ചര്‍ച്ചയായത്.
ഇതിനു പിന്നാലെ ഇത്തവണയും മലപ്പുറം ജില്ലക്കാരയ അഞ്ചു പേര്‍ക്ക് ഡിഫ്തീരിയ രോഗലക്ഷണം കാണുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്്തു. 2015 ല്‍ ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച 50 വയല്‍ ആന്റിടോക്‌സിന്‍ ആണ് ഇത്തവണ രോഗ ലക്ഷണം കണ്ട അഞ്ചുപേര്‍ക്കും നല്‍കിയത്. വ്യത്യസ്ത ദിവസങ്ങളിലായി പത്തുവയല്‍ ആന്റിടോക്‌സിനാണ് ഒരാള്‍ക്ക് വേണ്ടത്. ഇതു തീര്‍ന്നതോടെയാണ് കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യമരുന്നു നിര്‍മാണ സ്ഥാപനത്തില്‍ നിന്ന് 500 വയല്‍ ആന്റിടോക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
ഇവിടെ ആകെയുള്ളത് 50 വയല്‍ മാത്രമാണ്. രാജ്യത്ത് ആകെയുള്ള 50വയല്‍ ആന്റിടോക്‌സിനും കേരളത്തിലെത്തുന്നതോടെ രാജ്യത്തെ ആന്റിടോക്‌സിന്‍ ലഭ്യത തീര്‍ന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
ഇനി ആവശ്യമായ മരുന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിക്കുകയോ രാജ്യത്ത് നിര്‍മിക്കുകയോ വേണം. രണ്ടായാലും മരുന്ന് ലഭ്യമാകാന്‍ ആഴ്ചകളെടുക്കും. ആവശ്യക്കാര്‍ കുറവായതിനാല്‍ മരുന്ന് നിര്‍മാണം നടക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളിലൊന്നിലും ആന്റിടോക്‌സിന്‍ നിര്‍മാണം നടക്കുന്നില്ല.
ഡിഫ്തീരിയ സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് ആന്റിടോക്‌സിന്‍ ലഭ്യമല്ലെങ്കില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുറച്ചു കാലം മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂ. ആന്റിടോക്‌സിനു പുറമേ ഡിഫ്തീരിയ പ്രതിരോധ മരുന്നായ ടി.ഡി വാക്‌സിനും കേരളത്തില്‍ വേണ്ടത്ര ലഭ്യമല്ല. ഡിഫ്തീരിയ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നൂറുശതമാനം കുത്തിവയ്പ്പ് എടുക്കുക എന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ജില്ലയിലെ 1,32,000 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനുണ്ട്.
ഇതുകൂടാതെ ഡിഫ്തീരിയ രോഗ ലക്ഷണമുള്ളവരുമായി ബന്ധപ്പെടുന്ന ഡോക്ടര്‍മാര്‍, രോഗിയുടെ ബന്ധുക്കള്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമുണ്ട്.
എന്നാല്‍ സംസ്ഥാനത്ത് ആകെയുള്ളത് 50,000 ടി.ഡി വാക്‌സിനുകള്‍ മാത്രമാണ്. നിര്‍മാര്‍ജനം ചെയ്‌തെന്ന് പറയുന്ന രോഗം തിരിച്ചുവന്നിട്ടും വേണ്ടത്ര മരുന്നില്ലാത്തത് ആശങ്കാജനകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."