സഊദി ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്തണം -സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍
ജിദ്ദ: രാജ്യത്ത് ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്തണമെന്ന് സഊദി ടൂറിസം ആന്‍ഡ് ഹെറിറ്റേജ് കമ്മീഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇതിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് ആവശ്യമായ ഘടകങ്ങള്‍ വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനോദ സഞ്ചാരമേഖലയില്‍ വന്‍ ചലനത്തിനാണ് സഊദി സാക്ഷ്യം വഹിക്കുന്നത്. ഈ മേഖലയെ തളര്‍ത്തുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളിലേക്കുള്ള സഊദികളുടെ കുത്തൊഴുക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. ആഭ്യന്തര വിനോദ സഞ്ചാരത്തിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അതുവഴി രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്നും പൗരന്മാര്‍ ആഗ്രഹിക്കുന്നു. ഇതു തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും രാജകുമാരന്‍ പറഞ്ഞു.
ടൂറിസ്റ്റ് ഗൈഡുകള്‍ക്കുള്ള അഞ്ചാമത് ഫോറത്തിനു ശേഷം പുറത്തുവിട്ട പത്രക്കുറിപ്പിലാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയം വ്യക്തമാക്കിയത്.
വിഷന്‍ 2030ന്റെ ഭാഗമായി 2020നകം നടപ്പാക്കേണ്ട ദേശീയ പരിവര്‍ത്തന പദ്ധതിയും സഊദി അറേബ്യയുടെ വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. എണ്ണ മേഖലയെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന ഈ വര്‍ഷത്തെ സഊദി ബജറ്റും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാര സാധ്യതകള്‍ വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. സഊദി ദേശീയ പൈതൃക, വിനോദ സഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കില്‍ സ്ഥാപനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സഊദി ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷനെന്ന് സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു.
12 വര്‍ഷം നീളുന്ന ടൂറിസം സഹായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ഗവണ്‍മെന്റ് 200 കോടി റിയാലാണ് വകയിരുത്തുന്നത്. ഇതില്‍ 36 കോടി റിയാല്‍ ഈ വര്‍ഷം ചെലവഴിക്കും. സഊദി ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷന് വേണ്ടി ഈ മാസം നാല് പദ്ധതികള്‍ക്ക് ധനമന്ത്രാലയം തുക അനുവദിക്കുമെന്നും സുല്‍ത്താന്‍ രാജകുമാരന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ മേഖലയായ വിനോദ സഞ്ചാരം ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ മുന്‍പന്തിയില്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."