സര്‍ക്കാരിന്റേത് പാര്‍ശ്വവല്‍കരണം ഒഴിവാക്കിയുള്ള ബദല്‍ വികസന സങ്കല്‍പ്പം: മന്ത്രി രവീന്ദ്രനാഥ്
കൊച്ചി: പാര്‍ശ്വവല്‍കരിക്കപ്പെടാത്ത ജനതയെ സൃഷ്ടിക്കുന്ന ബദല്‍ വികസന സങ്കല്‍പമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം 'ജനകീയം 2018' എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനമെന്നാല്‍ കണ്ണഞ്ചിപ്പിക്കുന്നതോ വിസ്മയിപ്പിക്കുന്നതോ ആണെന്നാണ് പൊതുധാരണ. എന്നാല്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ ജീവിത സങ്കല്‍പങ്ങള്‍ പാര്‍ശ്വവല്‍കരിക്കപ്പെടാതെ, എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് വികസനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം ഹൈടെക് ആവുകയാണ്. ഏറ്റവും പാവപ്പെട്ടവരുടെ മക്കള്‍ക്കും ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കും. ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ശാക്തീകരിച്ച് ആരോഗ്യമേഖലയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ ജില്ല എന്ന നിലയില്‍ എറണാകുളത്തിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ നേട്ടങ്ങള്‍ കൈവരിക്കാനായി. സംസ്ഥാനത്തെ ഏറ്റവും ആധുനികവും വലുതുമായ റീജീയണല്‍ കാന്‍സര്‍ സെന്ററിന് അടുത്ത ദിവസം മുഖ്യമന്ത്രി തറക്കല്ലിടുന്നതോടെ ജില്ലയുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമാകും. തരിശായിരുന്ന ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചതും വിളവെടുത്തതും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട നേട്ടമാണ്.
ആരോഗ്യരംഗത്ത് ജില്ലക്ക് വളരെയധികം നേട്ടം കൈവരിക്കാനായി. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്ക് പുതു ജീവന്‍ നല്‍കാനായി.
ഭിന്ന ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സംരംഭത്തില്‍ ജോലി ലഭ്യമാക്കിയ ആദ്യ ജില്ല എന്ന വിശേഷണം സര്‍ക്കാരിന്റെ തുറന്ന സമീപനമാണ് വെളിവാക്കുന്നത്. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, എ.ഡി.എം. എം.കെ. കബീര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എം.പി.ജോസ്, ഷീലാദേവി, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍ കെ.പി.നന്ദകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍, ഡി.ടി.പി.സി സെക്രട്ടറി വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം പി. ആര്‍. റെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."