നൂറ്റാണ്ടിന്റെ കോപ്പയില്‍ വീണ്ടും ചിലിയന്‍ വീരഗാഥ
ന്യൂജേഴ്‌സി: നൂറ്റാണ്ടിന്റെ കോപ്പ അമേരിക്കയില്‍ വീണ്ടും വീരഗാഥ രചിച്ച് ചിലി. അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചിലി കീഴടക്കിയത്. 4-2നാണ് ചിലി പെനാല്‍റ്റിയില്‍ വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചിലി കോപ്പ അമേരിക്കയില്‍ മുത്തമിടുന്നത്. രണ്ടു കിക്കുകള്‍ സേവ് ചെയ്ത ഗോളി ബ്രാവോയാണ് ചിലിയന്‍ വിജയശില്‍പ്പി. ഷൂട്ടൗട്ടില്‍ മെസ്സിയുടെയും ലുകാസ് റോഡ്രിഗോയുടെയും കിക്കുകള്‍ പാഴായി. ഷൂട്ടൗട്ടില്‍ മെസ്സി പുറത്തേക്ക് അടിച്ച് തന്റെ കിക്ക് പാഴാക്കിയത് മെസ്സിയുടെ ആരാധകരെ ഞെട്ടിച്ചു. തീര്‍ച്ചയായും അത് അര്‍ജന്റീനയുടെ വിധിയെഴുതുകയായിരുന്നു.
ബ്രസീലിന് ശേഷം കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി. കഴിഞ്ഞ തവണ ചിലിയിലെ സാന്തിയാഗോയില്‍ ഷൂട്ടൗട്ടില്‍ 4-1നാണ് വിജയമെങ്കില്‍ ഇത്തവണ അത് 4-2 ആയി. അന്നും ഇന്നും അര്‍ജന്റീനിയന്‍ ദുരന്തത്തിന് സാക്ഷിയായി മെസ്സി.
ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ കളി ആരംഭിച്ചത് മുതല്‍ മല്‍സരം പരുക്കന്‍ അടവുകളാല്‍ സമ്പന്നമായിരുന്നു. അര്‍ജന്റീനിയന്‍ നിരയില്‍ മെസ്സിയെ കുടുക്കുക എന്ന തന്ത്രം ഫലപ്രദമായി ചിലി മൈതനാത്ത് നടപ്പാക്കി. എന്നാല്‍, മറ്റു അര്‍ജന്റീനിയന്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തത് ടീമിന് തിരിച്ചടിയായി. പരുക്കന്‍ അടവുകളാല്‍ സമ്പന്നമായ ആദ്യ പകുതിയില്‍ അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു ചുവപ്പ് കാര്‍ഡും റഫറിക്ക് ഉയര്‍ത്തേണ്ടി വന്നു. ഇരു ടീമുകളില്‍ നിന്നും ചുവപ്പ് കാര്‍ഡ് കണ്ട് ഓരോ പേരും പുറത്തായി. 29ാം മിനുറ്റില്‍ ചിലിയുടെ മാര്‍സലോ ഡയസും 43ാം മിനുറ്റില്‍ അര്‍ജന്റീനയുടെ മാര്‍ക്കസ് രോഹോയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. നിശ്ചിത സമയത്തും അധിക സമയത്തും പിന്നീടുള്ള സമയങ്ങളില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കാണ് മല്‍സരം നീങ്ങുകയായിരുന്നു.
പാരജയത്തോടെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന കിരീടമെന്ന സ്വപ്‌നമാണ് മെസ്സിയുടെ കണ്ണീരിനൊപ്പം അര്‍ജന്റീനയ്ക്ക് നഷ്ടമായത്. ദുരന്തനായകനായി വീണ്ടും മെസ്സിക്ക് അര്‍ജന്റീനിയന്‍ ജഴ്‌സിയില്‍ ഒരു കിരീടത്തിനായി ഇനിയും കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."