കാടുവിട്ടിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
രാജാക്കാട്: കാടുവിട്ടിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയെ ചിന്നക്കനാല്‍ മരപ്പാലത്തിനു സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കുട്ടിയാന ചിന്നക്കനാല്‍ ടൗണിലെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ സിങ്ങുകണ്ടം സിമന്റുപാലത്തിനു സമീപത്തെ താല്‍ക്കാലിക കൂട്ടിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കാട്ടാനക്കൂട്ടം എത്താതിരുന്നതിനാല്‍ അമ്മയെ തിരക്കി വനപാലകരും,ഗാര്‍ഡുമാരും,നാട്ടുകാരും ചിന്നക്കനാല്‍,വിലക്ക്,സിങ്ങുകണ്ടം,ആനയിറങ്കല്‍ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചിന്നക്കനാലില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മരപ്പാലത്തെ വനത്തില്‍ ഇരുപത്തിയഞ്ച് വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം കണ്ടെത്തിയത്. വയര്‍ ഭാഗത്ത് ക്ഷതമേറ്റിട്ടുള്ള ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായും, മുലയൂട്ടുന്ന ലക്ഷണങ്ങള്‍ ഉള്ളതിനാലാണു നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയാണെന്നു ഉറപ്പിച്ചതെന്നും വനപാലകര്‍ പറഞ്ഞു. മതികെട്ടാന്‍ ചോലവനത്തിന്റെ ഭാഗമാണിവിടം. മലഞ്ചരിവില്‍ കുറ്റിക്കാടും പാറക്കെട്ടും നിറഞ്ഞ ഭാഗത്ത് പഴയൊരു പാറ ക്വാറിയോട് ചേര്‍ന്ന് തുമ്പിക്കൈ നീട്ടിപ്പിടിച്ച് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതശരീരം.
കോന്നി ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ സി.എസ് ജയകുമാര്‍, ഡോ.അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജഡംപോസ്റ്റുമോര്‍ട്ടം നടത്തി. വീഴ്ച്ചയുടെ ആഘാതം മൂലമൊ, മറ്റാനകളുമായി ഏറ്റുമുട്ടലുണ്ടായതോ ആകാം മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം കൂടുതല്‍ വ്യക്തമാകു. ജഡം വനത്തില്‍ തന്നെ ദഹിപ്പിച്ചു.വനപാലകരുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയാന പൂര്‍ണ്ണ ആരോഗ്യവാനാണു. വനപാലകര്‍ നല്‍കുന്ന ലാക്ടോജന്‍, പഴങ്ങള്‍ എന്നിവ മടികൂടാതെ കഴിക്കുന്നുണ്ട്.
ഇന്ന് രാവിലെ വരെ അവിടെത്തന്നെ താമസിപ്പിക്കുവാനാണു തീരുമാനമെന്നും,ഇതിനിടയില്‍ തള്ളയാനയുടെ സംഘത്തിലുണ്ടായിരുന്ന മറ്റ്ആനകള്‍ എത്തി തിരികെ കൊണ്ടുപോയില്ലെങ്കില്‍ തിരുവനന്തപുരം ആനവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബു പറഞ്ഞു.കുട്ടിയാനയെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്ത് ഒന്‍പതോളം കാട്ടാനകള്‍ അടങ്ങുന്ന രണ്ട് കൂട്ടങ്ങള്‍ ചുറ്റിത്തിരിയുന്നുണ്ട്. ബുധനാഴ്ച്ചയും,ഇന്നലെയും രാത്രി ഇവ കൂടിനടുത്തുവരെ എത്തിയെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങളൊന്നും നടത്തിയില്ല. ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണിന്റെ നേതൃത്വത്തില്‍ ചിന്നക്കനാല്‍ ബീറ്റ് ഫോറസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സൈജു,പൊന്മുടി ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍മാരായ ടി.ഡി അനില്‍കുമാര്‍,കെ.എസ് അനില്‍കുമാര്‍,ദേവികുളം റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവരടങ്ങുന്ന വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."