വരുന്നൂ.... ഇന്റര്‍നെറ്റിനെക്കാളും നൂറിരട്ടി വേഗതയുമായി പുതിയ വൈഫൈ
ലണ്ടന്‍: വൈഫൈ എന്നതു തന്നെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വേഗതയുള്ള ഒന്നാണ്. അപ്പോള്‍ നിലവിലുള്ള ഇന്റര്‍നെറ്റ് സംവിധാനത്തേക്കാള്‍ നൂറിരട്ടി വേഗതയുള്ള വൈഫൈ വന്നാലോ? എങ്കില്‍ കാത്തിരുന്നോളൂ അത്തരത്തിലുള്ള വൈഫൈ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍.
ഒരു സെക്കന്റില്‍ 40 ജി.ബി സ്പീഡാണ് ഇതിനുണ്ടാവുക എന്നാണ് ഗവേഷകരുടെ അവകാശ വാദം.ദോഷകരമല്ലാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ഉപയോഗിച്ചാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. മാത്രവുമല്ല, ഈ വൈഫൈയില്‍ എത്ര ഡിവൈസുകള്‍ വേണമെങ്കിലും കണക്റ്റ് ചെയ്യാം. എല്ലാത്തിലും ഒരേ വേഗത ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇന്ന് മിക്ക വീടുകളും ഓഫിസുകളും ഇന്റര്‍നെറ്റ് ആവശ്യത്തിനായി വൈഫൈ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്പീഡ് വളരെ കുറവാണെന്നത് എല്ലാവരെയും അലട്ടുന്ന ഒന്നാണ്. ഇതിന് പരിഹാരമായാണ് പുതിയ കണ്ടുപിടിത്തമെന്നും ഗവേഷകര്‍ പറഞ്ഞു.
നെതര്‍ലാന്‍ഡ്‌സിലെ എയ്‌ന്ദോവന്‍ സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍.ഇന്‍ഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ചുള്ള ആന്റിനകള്‍ വഴിയാണ് ഇതിന്റെ സിഗ്നല്‍ ലഭ്യമാക്കുക.
നിലവില്‍ 2.5 മുതല്‍ 5 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയാണ് വൈഫൈ ആന്റിനകള്‍ക്കുപയോഗിക്കുന്നത്. പുതിയ ഉപകരണത്തില്‍ 200 ടെറാഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയാണ് ഉപയോഗിക്കുന്നത്. 2.5 മീറ്റര്‍ പരിധിക്കുള്ളില്‍ 42.8 ജി.ബി പെര്‍ സെക്കന്‍ഡ് എന്ന സ്പീഡില്‍ ഡാറ്റ ലഭ്യമാവും.
നിലവില്‍ വിപണിയിലുള്ള വൈഫൈ കണക്റ്റിവിറ്റിയുടെ പരമാവധി വേഗത 300 എം.ബി പെര്‍ സെക്കന്‍ഡ് എന്നതാണ്. അതിനാല്‍ തന്നെ പുതിയ സംവിധാനം പുറത്തിറങ്ങുന്നതോടെ ഈ രംഗത്തെ വലിയ വിപ്ലവത്തിനു തന്നെയാകും ഉപകരണം നിമിത്തമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."