ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്നെന്ന ആരോപണം സി.പി.എം ബഹുജന കൂട്ടായ്മ ഇന്ന് കോടഞ്ചേരിയില്‍
കോഴിക്കോട്: കോടഞ്ചേരി വേളംകോട് ഗര്‍ഭസ്ഥ ശിശു ചവിട്ടേറ്റു മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരേ നടത്തുന്ന പ്രചാരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് മൂന്നിന് കോടഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജോര്‍ജ് എം. തോമസ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജ്യോത്സന എന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചവിട്ടിയതിനെ തുടര്‍ന്നെന്ന തരത്തില്‍ ബി.ജെ.പിയും മറ്റ് കക്ഷികളും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി. വിശ്വനാഥന്‍ പറഞ്ഞു.
ജ്യേത്സനയുടെ ഭര്‍ത്താവ് സിബി അയല്‍ക്കാരുമായി വഴക്കുണ്ടാക്കിയ പ്രശ്‌നത്തില്‍ ആശുപത്രിയില്‍ കേസിന് പോയതാണ്. ആശുപത്രിയില്‍ എത്തിച്ചത് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും കൂടിയാണ്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയറ്റില്‍ ചവിട്ടേറ്റെന്ന് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. സംഭവം നടന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബി.ജെ.പിക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രശ്‌നപരിഹാരത്തിന് അവിടെ ചെന്ന ബ്രാഞ്ച് സെക്രട്ടറിയെ അടക്കം പ്രതിയാക്കി പൊലിസിന് സ്‌റ്റേറ്റ്‌മെന്റ് നല്‍കി കേസെടുപ്പിച്ചത്. വേണ്ടരീതിയില്‍ അന്വേഷണം നടത്താതെ എഫ്.ഐ.ആര്‍ ഇട്ട് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത കോടഞ്ചേരി പൊലിസിന്റെ നടപടി തെറ്റാണ്.
തുടര്‍ന്നും ബി.ജെ.പി നേതൃത്വം പുതിയ വാര്‍ത്തകളുണ്ടാക്കി ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുതലെടുപ്പ് ലക്ഷ്യം വച്ച് സി.പി.എമ്മിനെതിരേ മനുഷ്യത്വരഹിതമായ പ്രചാരണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും വ്യാജ പ്രചാരണത്തിന്റെ ഭാഗമായി പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ അവസ്ഥ വ്യക്തമാക്കാനും ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഗര്‍ഭിണിയാണെന്നോ അടിവയറ്റില്‍ തൊഴിയേറ്റുവെന്നോ ജ്യോത്സന ആശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നില്ലെന്നും നിലവില്‍ ജ്യോത്സനയ്ക്കു ബ്ലീഡിങിന്റെ അസുഖം ഉണ്ടായിരുന്നുവെന്നും ഇതിന് ബീച്ച് ആശുപത്രിയില്‍ നിന്ന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജ്യോത്സനയെ സംഘര്‍ത്തിനിടെ ആശുപത്രിയില്‍ എത്തിച്ച ബന്ധു കൂടിയായ സുജ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജ്യോത്സന ഗര്‍ഭിണിയായിരുന്നുവെന്ന് കുടുംബത്തില്‍ ആര്‍ക്കും അറിവില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
സി.പി.എം കോടഞ്ചേരി ലോക്കല്‍ സെക്രട്ടറി ഷിജി ആന്റണി, ബ്രാഞ്ച് സെക്രട്ടറി സി. ഷമീര്‍ അലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."