അമേരിക്കന്‍ നാവികസേന താവളത്തില്‍ പിടിയിലായ മത്സ്യത്തൊഴിലാളികളെ നാളെ വിട്ടയക്കും
കൊച്ചി: എറണാകുളത്തെ തോപ്പുംപടിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയി ഡീഗോ ഗാര്‍സിയ ദ്വീപിലെ സൈനിക താവളത്തില്‍ പിടിയിലായ 32 മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ധാരണ. 4,79000 രൂപ പിഴ അടച്ചതോടെയാണു മോചനം സാധ്യമാകുന്നത്.
വിഴിഞ്ഞം തമിഴ്‌നാട് തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ഫെബ്രുവരി അഞ്ചിന് കൊച്ചിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍സിയ ദ്വീപിലെ അമേരിക്കന്‍ നാവികസേന താവളത്തില്‍ അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ പിടിയിലായത്.
രണ്ടുബോട്ടിലാണു വിഴിഞ്ഞം സ്വദേശികളായ സുരേഷ് (20 ), ബിനു (18), വി.സുരേഷ് (19), യേശുദാസന്‍ (43), ശബരിയാര്‍ (52), പ്രബിന്‍ (25), എ. സുരേഷ് (33), പുതിയതുറ സ്വദേശികളായ സ്റ്റീഫന്‍ (32), വര്‍ഗീസ് (48), പുല്ലുവിള സ്വദേശി ലൂയിസ് വിന്‍സെന്റ് (29), അടിമലത്തുറ സ്വദേശി ജോസ് (43), തമിഴ്‌നാട് നീരോടി സ്വദേശി ഫ്രെഡി (36) എന്നിവരാണു ദ്വീപില്‍ പിടിയിലായത്.
ബോട്ടിലുണ്ടായിരുന്ന വന്‍തോതിലുള്ള മത്സ്യം പിടിച്ചെടുത്തു സൈന്യം നശിപ്പിച്ചിരുന്നു. പിടിച്ചെടുത്ത മീന്‍വല വിട്ടുകൊടുക്കില്ലെന്നും സൈന്യം അറിയിച്ചു.
ഇവരുടെ മോചനത്തിനായി പി.ജസ്റ്റിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റ് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിവേദനം നല്‍കുകയും വിഷയം രാജ്യാന്തരതലത്തില്‍ ശ്രദ്ധതിരിക്കുകയും ചെയ്തിരുന്നു. ബോട്ടുടമയായ ജുഡി ആല്‍ബര്‍ടിന്റെ ഭാര്യ സുജ 17, 18 തീയതികളിലായി ബാങ്ക് വഴി പിഴ കെട്ടിയതിനെത്തുടര്‍ന്നാണു മോചനം സാധ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."