സഊദിയില്‍ വന്‍ ആയുധ വേട്ട: 30 പേര്‍ പിടിയില്‍
റിയാദ്: സഊദിയില്‍ അതിര്‍ത്തി രക്ഷാ സേന നടത്തിയ നീക്കത്തില്‍ ആയുധങ്ങളുമായി നിരവധി പേരെ പിടികൂടി. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് വിവിധ ആയുധങ്ങളുമായി മുപ്പതു പേര്‍ പിടിയിലായതെന്ന് സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ആയുധങ്ങള്‍ക്ക് പുറമെ വന്‍ തോതില്‍ മയക്കു മരുന്നുകളും പിടികൂടിയിട്ടുണ്ട്.
ആയുധവേട്ടക്കിടെ നടന്ന വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയു ചെയ്തു. മിലിട്ടറി മേഖലയില്‍ ഉപയോഗിക്കുന്ന മൈനുകള്‍, വിവിധ ഇനങ്ങളില്‍ പെട്ട 32160 തരത്തിലുള്ള ആയുധങ്ങള്‍, 607 കിലോ ഹാഷിഷ് എന്നിവയാണ് പിടികൂടിയത്.
ആയുധങ്ങളും മയക്കു മരുന്നും യമന്‍ അതിര്‍ത്തി വഴി സഊദിയിലേക്കു കടത്താനുള്ള ശ്രമമാണ് വിഫലമാക്കിയത്. മൈനുകളും മറ്റും അതിര്‍ത്തികളില്‍ ഒളിപ്പിച്ച് കൂടുതല്‍ നശീകരണം ഉണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
അതിര്‍ത്തി രക്ഷാ സേനയുടെ പിടിയിലായവരില്‍ ഏറിയ പങ്കും എത്യോപ്യക്കാരാണ്. 19 എത്യോപ്യക്കാര്‍, ഏഴു യമന്‍ പൗരന്മാര്‍, മൂന്നു സഊദി പൗരന്മാര്‍, രാജ്യം വ്യക്തമാകാത്ത ഒരാള്‍, എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."