ബാലവേല നിരോധനം: ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു
കാസര്‍കോട്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേലവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ടാസ്‌ക് ഫോഴ്‌സില്‍ ജുവനൈല്‍ ജസ്റ്റിസ്‌ബോര്‍ഡ്, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി, പൊലിസ് അധികാരികള്‍, ശിശുക്ഷേമസമിതി, ജില്ലാലേബര്‍ഓഫിസര്‍, അസിസ്റ്റന്റ് ലേബര്‍ഓഫിസര്‍മാര്‍, ജില്ലാശിശുസംരക്ഷണഓഫിസര്‍ (ഡി.സി.പി.യു), ഡി.സി.പി.യു പ്രതിനിധികള്‍,ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.
2013 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ബാലവേലയുമായി ബന്ധപ്പെട്ട് 28 കുട്ടികള്‍ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ എത്തപ്പെട്ടിട്ടുണ്ട്. മേല്‍വിലാസം കണ്ടെത്താന്‍ കഴിഞ്ഞ ആറു കുട്ടികളെ മാതാപിതാക്കളുടെ സംരക്ഷണത്തിലേക്കു തിരിച്ചയക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ 13 കുട്ടികളെ അതതു ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റികളിലേക്കും തിരിച്ചയച്ചിട്ടുണ്ടെന്നും ബാക്കി കുട്ടികള്‍ വിവിധ ഫിറ്റ് പേഴ്‌സന്റെയും ഗവ. മഹിളാമന്ദിരത്തിന്റെയും സംരക്ഷണത്തിലാണെന്നും ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ്. ബോസ് അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍നിന്നോ ജില്ലകളില്‍നിന്നോ കൊണ്ടു വന്ന തങ്ങളുടെതല്ലാത്ത കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ കുട്ടികളെ ഒരാഴ്ചയ്ക്കകം പരവനടുക്കം ബാലമന്ദിരത്തില്‍ നടത്തുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങില്‍ ഹാജരാക്കേണ്ടതാണെന്ന് സി.ഡബ്ല്യു.സി അറിയിച്ചു.
ഗാര്‍ഹികആവശ്യങ്ങള്‍ക്കായി ഇതരജില്ലകളില്‍നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് ഇന്ത്യന്‍ ശിക്ഷാനിയമംവകുപ്പ് 370 പ്രകാരംശിക്ഷാര്‍ഹമായ കുറ്റമാണ്. ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.
തീവണ്ടികളിലും ബസ് സ്റ്റാന്‍ഡുകളിലും കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ബാലനീതി 2015നിയമപ്രകാരം അഞ്ചു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഭിക്ഷാടനം ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസം മുടക്കിക്കൊണ്ട്കുട്ടികളെ ജോലിചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പതിനാലിനും പതിനെട്ടിനും ഇടയിലുള്ളകൗമാരക്കാരായ കുട്ടികളെ 2016 ലെ ബാലവേല നിയന്ത്രണ നിയമപ്രകാരം നിരോധിച്ചിട്ടുള്ള ജോലികളില്‍ നിയോഗിക്കുന്നത് കര്‍ശനമായി തടയും.
ജില്ലയില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ ജോലിക്ക് എത്തിക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായും പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ജില്ലയെ ബാലവേല വിമുക്തജില്ലയാക്കി മാറ്റാന്‍ സാധിക്കുകയുള്ളുവെന്നും യോഗം വിലയിരുത്തി. കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് വീഡിയോകോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ് മെന്റ്)മാധവന്‍ നായര്‍, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ മാധുരി എസ്. ബോസ്, ജുവനൈല്‍ ജസ്റ്റിസ് മെമ്പര്‍മാരായ അഡ്വ. മണി ജി. നായര്‍, പി.കെ കുഞ്ഞിരാമന്‍, ജില്ലാശിശുസംരക്ഷണഓഫിസര്‍ പി. ബിജു, ഡി.സി.ആര്‍.ബി സബ് ഇന്‍സ്‌പെക്ടര്‍ രമണന്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോഓര്‍ഡിനേറ്റര്‍ അനീഷ്‌ജോസ്, ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ എ. ശ്രീജിത്ത്, കൗസിലര്‍ നീതുകുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."