ബ്രെക്സിറ്റ്: സ്കോട്ട്ലന്‍ഡ് വീറ്റോ ചെയ്യും
എഡിന്‍ബര്‍ഗ്: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പിന്‍വാങ്ങാനുള്ള ബ്രിട്ടന്റെ തീരുമാനം വീറ്റോ ചെയ്യുമെന്നു സ്കോട്ട്ലന്‍ഡ്. സ്കോട്ട്ലന്‍ഡ് പ്രഥമമന്ത്രി നികോള സ്റ്റര്‍ജിയന്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ അഭിപ്രായത്തിനു വിരുദ്ധമായാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പിന്മാറാന് ബ്രിട്ടന് തീരുമാനിച്ചതെന്നു പറഞ്ഞ അവര്‍, ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യാഴാഴ്ച ബ്രിട്ടനില്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. യൂനിയന്‍ വിടണമെന്നു 52 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ 48 ശതമാനം പേര് തുടരണമെന്നു വാദിച്ചു. എന്നാല്‍, യു.കെയുടെ ഭാഗമായ സ്കോട്ട്ലന്‍ഡില്‍ 38 ശതമാനം പേര് മാത്രമാണ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോകണമെന്ന് അഭിപ്രായപ്പെട്ടത്. 62 ശതമാനം പേരും യൂനിയനില്‍ തുടരണമെന്നാണ് നിലപാടെടുത്തത്. ഇതു ചൂണ്ടിക്കാട്ടിയാണ് സ്കോട്ട്ലന്‍ഡ് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടന്റെ തീരുമാനം വീറ്റോ ചെയ്യാന്‍ എം.പിമാരോട് ആവശ്യപ്പെടുമെന്നും നികോള സ്റ്റര്‍ജിയന്‍ വ്യക്തമാക്കി.
എന്നാല്‍, ബ്രെക്സിറ്റിനെ സ്കോട്ട്ലന്‍ഡ് വീറ്റോ ചെയ്യില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നു സ്കോട്ടിഷ് സെക്രട്ടറി ഡേവിഡ് മന്ഡെല് പറഞ്ഞു. ഇക്കാര്യത്തില്‍ സ്കോട്ട്ലന്‍ഡിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.
സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റില്‍ നികോളയുടെ പാര്‍ട്ടിക്ക് 129ല്‍ 63 സീറ്റുകളുണ്ട്. സ്കോട്ട്ലന്‍ഡിന് രണ്ടാം സ്വാതന്ത്ര്യത്തിനു സമയമായെന്നാണ് ഹിതപരിശോധനാ ഫലം പുറത്തുവന്ന ശേഷം അവര്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."