ദേശീയപാത വികസനം: ക്ഷേത്ര ഭരണസമിതിയുടെ സമരത്തിനു സംരക്ഷണ സമിതിയുടെ പിന്തുണ
പളളിക്കര: ദേശീയപാത വികസനത്തില്‍ 21 സെന്റ് സ്ഥലം നഷ്ടമാകുന്ന നീലേശ്വരം പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങാനുള്ള ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തിനു സംരക്ഷണ സമിതിയുടെ പിന്തുണ.
കഴിഞ്ഞ ദിവസം ക്ഷേത്രസന്നിധിയില്‍ ചേര്‍ന്ന സംരക്ഷണ സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. പ്രധാന പള്ളിയറ ഉള്‍പ്പെടെയുള്ള സ്ഥലമാണ് ക്ഷേത്രത്തിനു നഷ്ടമാകുന്നത്. ഇതേ ആവശ്യമുന്നയിച്ചു ജനുവരി 26 മുതല്‍ മൂന്നു ദിവസം ക്ഷേത്രത്തില്‍ സൂചനാ സത്യാഗ്രഹം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് ആദ്യം കലക്ടറേറ്റിലും തുടര്‍ന്നു തിരുവനന്തപുരത്തെ ദേശീയപാത അതോറിറ്റി ഓഫിസിലും നടന്ന ചര്‍ച്ചകളെ തുടര്‍ന്നു എന്‍.എച്ച്.എ.ഐ റീജ്യനല്‍ ഓഫിസര്‍ ആശിഷ് ദ്വിവേദി കഴിഞ്ഞ ദിവസം ക്ഷേത്രം സന്ദര്‍ശിച്ചു.
ദേശീയപാത അലൈന്മെന്റ് തീരുമാനിച്ചു ടെന്‍ഡറിലേക്കു നീങ്ങിയതിനാല്‍ ഇനി ഒന്നും ചെയ്യാനാകില്ലെന്ന തരത്തിലാണ് അദ്ദേഹം ചര്‍ച്ചയ്ക്കിടെ മറുപടി നല്‍കിയത്. ക്ഷേത്ര സംരക്ഷണ സമിതിയുടെ എക്സിക്യുട്ടിവ് യോഗത്തില്‍ അനിശ്ചിതകാല സമരമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണു ക്ഷേത്ര ഭരണസമിതി പൊതുയോഗത്തിനു തലേന്ന് ഇദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്.
ആചാരസ്ഥാനികര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനത്തോടു വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി ചെയര്മാന് പി. അമ്പാടി അധ്യക്ഷനായി. വൈസ് ചെയര്മാന് രമേശന് കരുവാച്ചേരി, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സി.കെ ഗോപിനാഥ് പള്ളിക്കര, സെക്രട്ടറി പി. ദിനേശന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."