താനൂര്‍ സംഘര്‍ഷ ഭൂമിയില്‍ സമാധാന സന്ദേശവുമായി സമസ്ത നേതാക്കളെത്തി
താനൂര്‍: അക്രമ സംഭവങ്ങള്‍ അരങ്ങേറിയ താനൂരിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് സമാധാന സന്ദേശവുമായി സമസ്ത നേതാക്കളെത്തി. ഒരാഴ്ചയായി കണ്ണീരുമായി കഴിയുന്ന പ്രദേശ നിവാസികള്‍ക്കിടയില്‍ പ്രാര്‍ഥനയും സാന്ത്വനവുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളടങ്ങുന്ന പ്രതിനിധി സംഘം സന്ദര്‍ശനത്തിനെത്തിയത്.
ദിവസങ്ങളായി തൊഴിലോ ഭക്ഷണമോ ഇല്ലാതെ കഴിയുന്ന കുടുംബങ്ങള്‍ക്ക് അരിയും പലവ്യജ്ഞന സാധനങ്ങളുമടങ്ങിയ ഭക്ഷണ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു. ഇതിനുപുറമെ കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ നല്‍കുന്ന ഭക്ഷ്യകിറ്റും നേതാക്കള്‍ കൈമാറി.
ഇന്നലെ 11.30നാണു സമസ്ത പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തിയത്. ചാപ്പപ്പടി,എളരാംകടപ്പുറം,പണ്ടാരകടപ്പുറം,ഫാറൂഖ് പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ അക്രമത്തിനിരയായ മുഴുവന്‍ വീടുകളിലും നേതാക്കള്‍ നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മുഴു പട്ടിണിയാണെന്നും വീട്ടിലെ പുരുഷന്‍മാര്‍ അക്രമികളെയും പോലിസിനെയും ഭയന്നു വീട്ടില്‍ ഉണ്ടാവാറില്ലെന്നും പ്രദേശ വാസികള്‍ പറഞ്ഞു. അക്രമത്തിനു ഇരയായവരെയും തീവച്ചു നശിപ്പിക്കപ്പെട്ട വീടുകള്‍,വീട്ടുപകരണങ്ങള്‍, അക്രമികള്‍ തകര്‍ത്ത തോണികള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയും നേരിട്ടുകണ്ടു . കരളലിയിപ്പിക്കുന്ന ദയനീയ കാഴ്ചകള്‍ അരങ്ങേറിയ കടപ്പുറത്ത് തങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഭയപ്പാടാണെന്നു നാട്ടുകാര്‍ സങ്കടം പറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി പ്രദേശത്തെ സംഘര്‍ഷാവസ്ഥയും നിരപരാധികളായ തങ്ങളുടെ വീടുകളില്‍ അക്രമിസംഘങ്ങള്‍ നടത്തിയ കലാപ സമാനമായ അവസ്ഥയും അവതരിപ്പിച്ചു കുടുംബാംഗങ്ങള്‍ വിങ്ങിപ്പൊട്ടി. പ്രതിസന്ധികളില്‍ നിന്നുള്ള പരിഹാര മാര്‍ഗമാണ് പ്രാര്‍ഥനയെന്നും അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥനക്കു ഉത്തരം ലഭിക്കുമെന്നും സങ്കടങ്ങള്‍ ഏറ്റുപറഞ്ഞ നാട്ടുകാരെ സമസ്ത അധ്യക്ഷന്‍ ഓര്‍മപ്പെടുത്തി.
പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാര്‍ഥന നടത്തിയാണ് പ്രതിനിധി സംഘം മടങ്ങിയത്. സമസ്ത മുശാവറ അംഗം ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ മമ്മദ് ഫൈസി,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പുത്തനഴി മൊയ്തീന്‍ഫൈസി, ഹാജി യു മുഹമ്മദ് ശാഫി, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്്‌ലിയാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, ബാപ്പുട്ടി തങ്ങള്‍, സി.എച്ച് ത്വയ്യിബ് ഫൈസി, പി.കെ ലത്വീഫ് ഫൈസി, മുഹമ്മദലി പുതുപ്പറമ്പ്, സി.കെ ഹിദായത്തുല്ല തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സൈതാലികുട്ടി ഫൈസി കോറാട്,അബ്ദുല്‍ ഗഫൂര്‍ ഖാസിമി,കെ എന്‍.എസ് തങ്ങള്‍,സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അഡ്വ.പി.പി ആരിഫ്, പി.എം റഫീഖ് അഹമ്മദ്,സൈനുല്‍ ആബിദ് വളപുരം,അലി ഫൈസി പാവണ്ണ, നൂഹ് കരിങ്കപ്പാറ,കബീര്‍ ഫൈസി അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."