ജയിലുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങള്‍ കഴിയുന്നത്ര വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ക്ഷേമദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലുള്ളത്. ഇവിടങ്ങളില്‍ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലില്‍ കഴിഞ്ഞുകൊള്ളാമെന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. സാഹചര്യങ്ങള്‍ കൊണ്ട് കുറ്റം ചെയ്തുപോയവരെ കൊടും കുറ്റവാളികളായി ചിത്രീകരിക്കാന്‍ പാടില്ല. ജയില്‍ മുക്തരായവര്‍ക്ക് സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ തൊഴിലവസരങ്ങളും അതിനു സഹായകമായ സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കണം. ചെറിയ കുറ്റം ചെയ്ത് ജയിലിലെത്തുന്നവര്‍ പോലും അവിടെ നിന്നിറങ്ങുമ്പോള്‍ കൊടും കുറ്റവാളികളായിത്തീരുന്ന അവസ്ഥയുണ്ട്. പുതിയ അന്തേവാസികള്‍ കൊടും ക്രിമിനലുകളുടെ സമ്പര്‍ക്കത്തിലൂടെ കുറ്റവാസനയുള്ളവരായി മാറാതിരിക്കാനുള്ള നടപടികള്‍ ജയിലധികൃതര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയിലുകളിലെ അന്തേവാസികള്‍ക്ക് നല്ലരീതിയിലുള്ള മാനസികാന്തരീക്ഷമൊരുക്കാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയും. ഇവരുടെ ചികിത്സ, അവധി, പുനരധിവാസം, നിയമാനുസൃത കാലാവധിക്ക് മുന്‍പുള്ള വിടുതല്‍ എന്നീ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയുണ്ട്. മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് പ്രത്യേക പുനരധിവാസവും ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും. മൂന്നു സെന്‍ട്രല്‍ ജയിലുകളിലും സാമൂഹ്യ സംഗമങ്ങള്‍ക്കായി ഹാളുകള്‍ നിര്‍മിക്കുമെന്നും നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഒ രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."