ഐഡിയയും വൊഡാഫോണും ലയിക്കുന്നു; കുമാരമംഗലം ബിര്‍ള ചെയര്മാന്
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വെല്ലുവിളിയെ അതിജീവിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ഒന്നിച്ചു. ഇരുകമ്പനികളുടെയും ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. പുതിയ കമ്പനിയുടെ ചെയര്‍മാനായി കുമാര മംഗലം ബിര്‍ളയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഐഡിയയും വൊഡാഫോണും ലയിച്ച കാര്യം ഇന്നലെ കുമാരമംഗലം ബിര്‍ള തന്നെയാണ് അറിയിച്ചത്. ലയനം പൂര്‍ണമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ഇവര്‍ മാറും. ഇരു കമ്പനികള്‍ക്കും കൂടി നിലവില്‍ 40 കോടി ഉപഭോക്താക്കളാണുളളത്.
പുതിയ കമ്പനിയില്‍ വൊഡാഫോണിന് 45.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. 3874 കോടിയാണ് വൊഡഫോണ്‍ നിക്ഷേപിക്കുക. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരിക്കും. കമ്പനി ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും. 2018 ഓടെ ലയനം പൂര്‍ത്തിയാകും. ലയന തീരുമാന പ്രകാരം വൊഡാഫോണിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഐഡിയക്ക് അവകാശമുണ്ടായിരിക്കും.
ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനിയെന്ന സ്ഥാനം എയര്‍ടെല്ലിന് നഷ്ടമാകും. 27 കോടി ഉപഭോക്താക്കളാണ് ഇപ്പോള്‍ എയര്‍ടെല്ലിനുള്ളത്. വിപണി വിഹിതത്തില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ സ്ഥാനവും എയര്‍ടെല്ലിന് നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."