കരുണ തേടുന്ന ആദിവാസി വാര്‍ധക്യങ്ങള്‍
പുല്‍പ്പള്ളി: പഞ്ചായത്തിലെ 15ാം വാര്‍ഡിലെ മഠാപ്പറമ്പ് കോളനിയിലെ പരേതനായ കുറിച്യന്റെ ഭാര്യ കൊറ്റി തനിച്ചായിട്ട് വര്‍ഷങ്ങളായി. അഞ്ച് മക്കളാണ് കൊറ്റിക്കും കുറിച്യനുമുള്ളത്. എല്ലാവരും പെണ്‍ മക്കള്‍. ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ടവരാണ് കൊറ്റിയും കുറിച്യനും. മക്കളയൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പെ കല്യാണം കഴിപ്പിച്ച് വിട്ടു. അന്നുമുതലെ കൊറ്റിയും കുറിച്യനും മാത്രമായിരുന്നു. കാട്ടു കിഴങ്ങുകളും കാട്ടുതേനും മാത്രമായിരുന്നു പിന്നീടുള്ള ഭക്ഷണം. കുടുക്കുവെച്ച് കാട്ടുമൃഗങ്ങളെ പിടിക്കുന്നതില്‍ വിദഗ്ധനായിരുന്നു കുറിച്യന്‍. ഇടക്കൊക്കെ കുറിച്യന്‍ കുടുക്ക് വച്ച് ചെറിയ കാട്ടു മൃഗങ്ങളെ പിടിക്കുന്നതും ഇവരുടെ ഭക്ഷണത്തില്‍ പങ്കായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്യന്‍ മരിച്ചു. അതോടെ കൊറ്റി ഒറ്റക്കായി. പങ്കാളി നഷ്ടമായതോടെ കൊറ്റിയുടെ ജീവിതം ഇരുണ്ടതായി.
കോളനിയിലെ ആരെങ്കിലും അലിവുതോന്നി വല്ലപ്പോഴും നല്‍കുന്ന ഇത്തിരി ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കൊറ്റിയുടെ ജീവിതകഥ ഒറ്റപ്പെട്ടതല്ല. വയനാട്ടിലെ ഏത് ആദിവാസി കോളനിയിലെത്തിയാലും ഇത്തരം കൊറ്റിമാരെ കാണാം. ആദിവാസി ക്ഷേമത്തിനായി കോടികള്‍ മുടക്കിയെന്ന് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുമ്പോഴും, അശരണരാകുന്ന ആദിവാസികളെ ആരും ശ്രദ്ധിക്കാറില്ല. ഭിക്ഷാടനത്തിനുള്ള ആരോഗ്യംപോലുമില്ലാതെ കോളനികളിലെ കുടിലുകളുടെ ഇരുണ്ട കോണുകളില്‍ മരണത്തിന് കാതോര്‍ത്തിരിക്കുകയാണ് ഇവര്‍. ആരോഗ്യപ്രവര്‍ത്തകരൊ, സന്നദ്ധ സംഘടനകളൊ ഇവിടേക്ക് എത്താറില്ല. ഇവരില്‍ പലരുടെയും മരണം പട്ടിണി മൂലമാണെന്നതാണ് യാഥാര്‍ഥ്യം. എന്ത് സാമൂഹ്യ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും അറിയപ്പെടാത്ത ഈ ആദിവാസി സമൂഹത്തിന്റെ മൗനനൊമ്പരങ്ങള്‍ നമ്മെ വേട്ടയാടുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."