പാണ്ടിക്കാട്-വണ്ടൂര്‍ റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
പാണ്ടിക്കാട്: റോഡ് നവീകരണത്തിന് ശേഷം പാണ്ടിക്കാട്-വണ്ടൂര്‍ റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ നിരവധിയാളുകള്‍ അപകടത്തിനിരയാവുകയും അഞ്ചോളം പേരുടെ ജീവന്‍ അപഹരിക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ച് ദിവസം മുന്‍പാണ് കാഞ്ഞിരപ്പടി ബൈപ്പാസ് റോഡ് ജങ്ഷനില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് കാര്‍, ഗുഡ്‌സ് ഓട്ടോ,സ്‌കൂട്ടര്‍ എന്നിവയിലിടിച്ച് റോഡരികിലെ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. ഇന്നലെ ഉച്ചക്ക് രണ്ടോടെ തോട്ടിങ്ങല്‍ പടിയില്‍ വണ്ടൂര്‍ ഭാഗത്തുനിന്നു വന്ന കാറും പാണ്ടിക്കാട്‌നിന്ന് വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ വളരാട് സ്വദേശി പീച്ചമണ്ണില്‍ അയമുവിന് തലക്കും കൈക്കും പരുക്കേറ്റു. ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. കാറിന്റെ മുന്‍വശവും കേടായിട്ടുണ്ട്. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് ഇവിടെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."