മെസ്സിക്ക് ഡബിള്‍; ത്രില്ലര്‍ പോരില്‍ ബാഴ്‌സലോണ
മാഡ്രിഡ്: ആറു ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ വലന്‍സിയയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗയില്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയ്ക്ക് നിര്‍ണായക വിജയമൊരുക്കുന്നതിനു മുന്നില്‍ നിന്നു.
29ാം മിനുട്ടില്‍ മംഗളയുടെ ഗോളില്‍ വലന്‍സിയ മുന്നില്‍ കടന്നെങ്കിലും 35ാം മിനുട്ടില്‍ ലൂയീസ് സുവാരസ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. 45ാം മിനുട്ടില്‍ മെസ്സി അവരെ മുന്നില്‍ കടത്തിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ വലന്‍സിയ ഗോള്‍ തിരിച്ചടിച്ച് സമനിലയിലാക്കി. ഇടവേളയ്ക്കു പിരിയുമ്പോള്‍ സ്‌കോര്‍ 2-2 എന്ന നില. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടവുമായി ബാഴ്‌സ കളം നിറഞ്ഞു. 52ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ മെസ്സി കറ്റാലന്‍മാരെ മുന്നിലെത്തിച്ചു. കളിയുടെ അവസാനത്തില്‍ ആന്ദ്രെ ഗോമസ് ബാഴ്‌സലോണയുടെ നാലാം ഗോളും ഒപ്പം വിജയവും ഉറപ്പാക്കി. ഇരട്ട ഗോളോടെ സീസണിലെ ഗോള്‍ നേട്ടം 25ല്‍ എത്തിച്ച മെസ്സി ഗോള്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയും ഒന്നാമതുള്ള റയല്‍ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി മാറി. റയലിനു 65ഉം ബാഴ്‌സയ്ക്ക് 63ഉം പോയിന്റ്.
മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സെവിയ്യയെ നാലാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് കീഴടക്കി. 3-1നായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. ജയത്തോടെ സെവിയ്യയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാനും അത്‌ലറ്റിക്കോക്കായി. ഗോഡിന്‍, ഗ്രിസ്മാന്‍, കോകെ എന്നിവരാണു വല ചലിപ്പിച്ചത്.
സിറ്റിയും ലിവര്‍പൂളും സമാസമം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ പോരാട്ടം 1-1നു സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 51ാം മിനുട്ടില്‍ മില്‍നറിലൂടെ ലിവര്‍പൂളാണു ലീഡെടുത്തത്. എന്നാല്‍ 69ാം മിനുട്ടില്‍ ഗോള്‍ നേടി അഗ്യെറോ സമനില ഒരുക്കി സിറ്റിയെ രക്ഷപ്പെടുത്തി. 57 പോയിന്റുമായി സിറ്റി മൂന്നാമതും 56 പോയിന്റുമായി ലിവര്‍പൂള്‍ നാലാമതും നില്‍ക്കുന്നു.
ബയേണ്‍ കുതിപ്പ് തുടരുന്നു
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാചിനെ കീഴടക്കി. 63ാം മിനുട്ടില്‍ തോമസ് മുള്ളര്‍ നേടിയ ഗോളിലാണു ബാവേറിയന്‍സ് വിജയം സ്വന്തമാക്കിയത്.
സീസണിലെ ബുണ്ടസ് ലീഗ പോരില്‍ മുള്ളര്‍ നേടുന്ന രണ്ടാം ഗോളാണിത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബയേണ്‍ ഒന്നാം സ്ഥാനത്തു തടരുന്നു. ബയേണിന് 62 പോയിന്റുകള്‍. 13 പോയിന്റ് വ്യത്യാസത്തില്‍ ലെയ്പ്‌സിഗ് 49 പോയിന്റുമായി രണ്ടാമതും 46 പോയിന്റുമായി ബൊറൂസിയ ഡോര്‍ട്മുണ്ട് മൂന്നാമതും നില്‍ക്കുന്നു.
പി.എസ്.ജിക്ക് ജയം
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നു വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു അവര്‍ ഒളിംപിക്ക് ലിയോണിനെ പരാജയപ്പെടുത്തി. മൂന്നു പോയിന്റ് വ്യത്യാസത്തില്‍ മൊണാക്കോ 71 പോയിന്റുമായി ഒന്നാമതും പി.എസ്.ജി 68 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
റോമ വിജയ വഴിയില്‍
മിലാന്‍: ഇറ്റാലിയന്‍ സിരി എ പോരാട്ടത്തില്‍ റോമ വിജയ വഴിയില്‍ തിരിച്ചെത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അവര്‍ സസോളോയെ പരാജയപ്പെടുത്തി. റോമ രണ്ടാം സ്ഥാനത്തു തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."