അതിരപ്പിള്ളി പദ്ധതിയുടെ അനിവാര്യതയെന്ത്
നമ്മള്‍ മലയാളികള്‍ പണ്ടുമുതല്‍ കേട്ടുവരുന്ന പല്ലവിയാണ് 'വൈദ്യുതികമ്മി' എന്നത്. പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഏറെക്കാലമായി ശരാശരി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. അതുകൊണ്ടുതന്നെയാണ് വൈദ്യുതികമ്മിയെന്ന പദത്തിനു സ്വീകാര്യത നേടിയെടുക്കാനും സ്വന്തംകള്ളത്തരങ്ങള്‍ വിജയിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വൈദ്യുതിബോര്‍ഡിനു സാധിക്കുന്നത്. പ്രവര്‍ത്തനശേഷി പെരുപ്പിച്ചുകാണിച്ചാണ് ഓരോ പുതിയപദ്ധതിക്കും ബോര്‍ഡ് പ്രവര്‍ത്തനാനുമതി നേടിയെടുക്കുന്നത്.
വൈദ്യുതികമ്മിയെക്കുറിച്ചു നാം വേവലാതിപ്പെടുന്നതിനെപ്പറ്റി പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്: 'നമുക്കാവശ്യമായ ഭക്ഷണപദാര്‍ഥമടക്കമുള്ള മിക്ക വസ്തുക്കളുടെയും 90 ശതമാനവും പുറത്തുനിന്നു വരുന്നവയാണ്. അതായത് ഇവിടെ അവയ്ക്ക് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കു വേവലാതിയില്ല. എന്നാല്‍, പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) പത്തുപതിനഞ്ചുശതമാനം വൈദ്യുതികമ്മിയെപ്പറ്റി നാം വേവലാതിപ്പെടുന്നതെന്തിന്.'
കേരളത്തില്‍ കടുത്ത വൈദ്യുതികമ്മിയുണ്ടെന്നു വിശ്വസിച്ചുപോരുന്ന കുറെപ്പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍നിന്ന് വേണ്ടത്ര വൈദ്യുതികിട്ടിയിട്ടും എന്തുകൊണ്ടാണു പിന്നെയും കമ്മിയുണ്ടാകുന്നത് യഥാര്‍ഥപ്രശ്‌നം കമ്മിയല്ല, 5000 കോടിയോളം കടബാധ്യതയുള്ള കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതിവാങ്ങാന്‍ പണമില്ലെന്നതാണ്.
5000 കോടി കടബാധ്യത എങ്ങനെയുണ്ടായെന്നതാണ് എത്രയുംപെട്ടെന്ന് അന്വേഷണവിധേയമാക്കേണ്ടത്. ഇതിനിടയിലേയ്ക്കാണ് 650 കോടിയുടെ ബാധ്യതകൂടി ചേര്‍ത്തു കൂടുതല്‍ നഷ്ടക്കണക്കുണ്ടാക്കാന്‍ വൈദ്യുതിബോര്‍ഡ് ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമതകുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്കുവേണ്ടിവരുന്ന ചെലവ് ഈ ഭാരം ഇനിയും കൂട്ടുകയേയുള്ളൂ.
കാലതാമസം മൂലം പദ്ധതിച്ചെലവു വര്‍ധിക്കാം. മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക, സാമൂഹികനഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടംമാത്രം വരുത്തിവയ്ക്കുകയും പരിസ്ഥിതിക്കു വലിയആഘാതമുണ്ടാക്കുകയും ചെയ്യുന്ന ഈ പദ്ധതി എന്തിനു വേണ്ടിയാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന ചോദ്യം വളരെ പ്രസക്തം.
പ്രതിവര്‍ഷം 1700 കോടി യൂനിറ്റ് വൈദ്യുതി ലഭിക്കാനുള്ള സാധ്യത ഇന്നു കേരളത്തിലുണ്ട്. 2013-14 കാലയളവില്‍ ഉപയോഗിച്ച വൈദ്യുതി 1270 കോടി യൂനിറ്റാണ്. ഇതില്‍ പ്രസരണനഷ്ടംതന്നെ 336 കോടി യൂനിറ്റാണ്. കെ.എസ്.ഇ.ബിയുടെ കണക്കുപ്രകാരം വൈദ്യുതി ഉപഭോക്താക്കളുടെ വാര്‍ഷികവര്‍ധനവ് ഏഴുശതമാനമാണ്. അതുകണക്കാക്കിയാല്‍പ്പോലും 2018ല്‍ 1554 കോടിയൂനിറ്റാണ് ആവശ്യം വരിക. 336 കോടിയൂനിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിനു പകരമായി വെറും 23 കോടി യൂനിറ്റ് ഉല്‍പ്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും.
പദ്ധതിമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതികനഷ്ടങ്ങള്‍ ഏതുകണക്കില്‍ വകയിരുത്തും. എല്ലാ അര്‍ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലേ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂവെന്നു കെ.എസ്.ഇ.ബി നിര്‍ബന്ധം പിടിക്കുന്നതു സത്യസന്ധമല്ല.
995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി ചെറുതും വലുതുമായ നാല്‍പ്പതോളം അണക്കെട്ടുകള്‍ ഇന്നു കേരളത്തിലുണ്ട്. പശ്ചിമഘട്ടമേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലയ്ക്കുപകരം മറ്റൊരിടത്തു മരങ്ങള്‍ വച്ചുപിടിപ്പിച്ചു സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്‌പ്പോഴും പറയാറുണ്ടെങ്കിലും ഇന്നേവരെ അതു പാലിച്ചിട്ടില്ല. വന നശീകരണംമൂലം കേരളത്തിലെ മുഴുവന്‍ നദികളിലെയും നീരൊഴുക്കു ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ളക്ഷാമത്തിനു മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ.
കേരളത്തിലെ ഒരു ജലവൈദ്യുതിപദ്ധതിയും സ്ഥാപിതശേഷിയുടെ 50 ശതമാനംപോലും ഉല്‍പ്പാദനം നടത്തിയിട്ടില്ല. (പ്രസരണ,വിതരണനഷ്ടത്തിനുപുറമെയാണിത്.) ഇടുക്കിപദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗാവാട്ടായിരുന്നു. ലഭിക്കുന്നത് 273.7 മെഗാവാട്ട് മാത്രം. ഷോളയാര്‍പദ്ധതിയുടെ ശേഷി 54 മെഗാവാട്ട്. ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍കുത്ത് പദ്ധതിയുടെ സ്ഥാപിതശേഷി 32 മെഗാവാട്ട്. ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. പദ്ധതി അവതരണസമയത്തു കെ.എസ്.ഇ.ബി ജനങ്ങള്‍ക്കു മുന്നില്‍വയ്ക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ് ഇതുവ്യക്തമാക്കുന്നത്.
ഈ കള്ളങ്ങള്‍ക്കുമുന്‍പില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ. 27 പഞ്ചായത്തുകളിലെയും രണ്ടു മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത്. ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ളശേഷി കേരളത്തിനുണ്ടോ.
അണക്കെട്ട് ഒരു മണ്ടന്‍വിദ്യയാണെന്നു ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. വൈദ്യുതിപ്രതിസന്ധിക്കു പ്രായോഗികമായ എത്ര ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതൊന്നും കെ.എസ്.ഇ.ബി മുഖവിലയ്‌ക്കെടുക്കാത്തതെന്തേ.
ചെറുകാറ്റില്‍നിന്നുപോലും ഒരു കിലോവാട്ട് വൈദ്യുതി ഉദ്പാതിപ്പിക്കാവുന്നതും വീടുകളുടെ മേല്‍ക്കൂരകളില്‍ സ്ഥാപിക്കാവുന്നതുമായ കാറ്റാടിയന്ത്രം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അവന്റാ ഇന്നവേഷന്‍സ് എന്ന മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെറും 40,000 രൂപയാണ് ഇതിന്റെ മുടക്കുമുതല്‍. അതിന് ആഗോള അംഗീകാരം കിട്ടിയിട്ടും നമ്മുടെ കെ.എസ്.ഇ.ബി ഗൗനിച്ചതേയില്ല. ഇത്രയധികം കോണ്‍ക്രീറ്റ് കെട്ടിടങ്ങളുള്ള കേരളത്തിലെ വീടുകളുടെ മേല്‍ക്കൂരകളില്‍ വീശുന്ന കാറ്റില്‍നിന്നു മാത്രം എത്ര യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നു ചിന്തിക്കുക.
കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നു വൈദ്യുതിയുല്‍പ്പാദിപ്പിക്കാനുതകുന്ന മികച്ച സാങ്കേതികവിദ്യ ഇന്നു ലഭ്യമാണ്. ഈ വഴിയെ എത്തിനോക്കാന്‍പോലും വൈദ്യുതിവകുപ്പു തയാറല്ല. കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ആഗോളസ്ഥാപിതശേഷി 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു, (നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്!) യൂറോപ്പില്‍ 2010 ല്‍ എഴുപത്തയ്യായിരം മെഗാവാട്ടും 2020 ല്‍ ഒന്നര ക്ഷവും ഇതുവഴി കണ്ടെത്താനാണു ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കികഴിഞ്ഞു.
ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണു സത്യം. ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നുമാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതികവിദ്യ ലഭ്യമാകുന്നതോടെ ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍, ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമപ്പെടാനാണു മുഖ്യധാരാരാഷ്ടീയനേതൃത്വത്തിനു താല്‍പ്പര്യം. സാമ്രാജ്യത്വ അജന്‍ഡകള്‍ക്കനുസരിച്ചു ഭരണചക്രം തിരിക്കാന്‍ ഇവര്‍ മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജസുരക്ഷയെന്നുതന്നെയാണ്.
കേരളത്തില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്നു ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ത്തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ലലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാവാശ്യമായ കാറ്റിന്റെ ഘനിമ (വിന്‍ഡ് പവര്‍ ഡെന്‍സിറ്റി) ഉള്ളവയാണെന്നു കണ്ടിട്ടുണ്ട്.
സൂര്യപ്രകാശത്തില്‍നിന്നു വൈദ്യുതിയെന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍മാത്രം 36 ലക്ഷം ടണ്‍ ജൈവാവശിഷ്ടമാണു പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതു വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിനു പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ജി മധുസൂദനന്‍ ഐ.എ.എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്കു നാം വിലകല്‍പ്പിച്ചില്ല.
മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്‌മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ച ജി മധുസൂദനന്‍ പറഞ്ഞതു ശ്രദ്ധിക്കുക: 'ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതിമന്ത്രിയായിരുന്ന എസ് ശര്‍മയുമായും യു.ഡി.എഫ് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനുമായും ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. രണ്ടരവര്‍ഷംകൊണ്ടു മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്‌റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം, എന്നാല്‍ ജന്മനാട് എനിക്ക് നിരാശമാത്രമാണുനല്‍കിയത്.'
അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണു ചെലവുപ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും. 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ടു കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്കു പകരം നല്ലതരം സി.എഫ്.എല്‍ ബള്‍ബുകള്‍ നല്‍കാന്‍ 150 കോടിയേ വരൂ. ഇതിലൂടെമാത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 350 മെഗാവാട്ടിന്റെ കുറവു വരുത്താനാവും. അതോടൊപ്പം, ചെറുകിട ജലവൈദ്യുതപദ്ധതികളെയും മറ്റുബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
അതല്ലാതെ ഇനിയും കാടില്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജത്തിനുവേണ്ടി മുതലാളിത്തരാജ്യങ്ങള്‍ക്കുമുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജോല്‍പ്പാാദന രംഗത്തു പഞ്ചായത്തുകള്‍ക്കു ചെറുകിടപദ്ധതികള്‍ക്കു സഹായം നല്‍കിയും ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചു ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും ഊര്‍ജപ്രതിസന്ധിക്കു പരിഹാരം കാണാവുന്നതേയുള്ളൂ. ഊര്‍ജോല്‍പ്പാദനരംഗത്ത് കേരളം പുതിയനയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കെ.എസ്.ഇ.ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍കമ്പനികളുടെ വൈദ്യുതിക്കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണസംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ ഈ വകുപ്പു ലാഭത്തിലേയ്ക്കു കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയപദ്ധതികള്‍ക്കുപിന്നാലെ പായുന്ന പ്രവണത അവസാനിപ്പിക്കണം.
അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. അത് കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അഞ്ഞൂറിലധികംവരുന്ന കുടുംബങ്ങള്‍ക്കും വന്‍നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ടുലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തെയും കുടിവെള്ളത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഈ പദ്ധതി നമുക്കു വേണോ. നാളെ ഒരു തുള്ളി ദാഹജലത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വാവിട്ടു കരയുന്ന അവസ്ഥവന്നാല്‍ എന്തു പ്രായശ്ചിത്തമാണു ചെയ്യാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."