കുങ്കിച്ചിറയുടെ ഓരത്ത് പൈതൃക മ്യൂസിയമൊരുങ്ങുന്നു
കുഞ്ഞോം(വയനാട്): കുങ്കിച്ചിറയുടെ തീരത്തെ പൈതൃക മ്യൂസിയ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ പ്രകൃതിരമണീയമായ കുഞ്ഞോത്താണ് കേരളത്തിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയം ഉയരുന്നത്.
കേരള മ്യൂസിയം വകുപ്പിനുകീഴില്‍ നാലരക്കോടി രൂപ മുടക്കി നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. മേയ് മാസത്തോടെ ഇതിന്റെ പണിപൂര്‍ത്തീകരിച്ച് വകുപ്പിന് കൈമാറുമെന്നാണ് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള വെയില്‍സ് കമ്പനി അറിയിച്ചത്. ആദിവാസി പൈതൃകങ്ങളുടെ പരിഛേദമായുള്ള മ്യൂസിയമാണ് ഇവിടെ വരാന്‍പോകുന്നത്. മീറ്റിങ് ഹാള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അഡ്മിനിസ്ട്രേഷന് ഓഫിസ്, പ്രദര്‍ശന കേന്ദ്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ക്രമീകരണങ്ങളാണ് മ്യൂസിയത്തിലുള്ളത്.
ആദിവാസികളുടെ സംസ്കാരത്തെയും പൈതൃകത്തെയും ആചാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ നിരവധി ശേഖരങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ടാവും. ഹരിയാനയിലെ ഗുര്‍ഗാവന്‍ അര്‍ബന്‍ എസ്റ്റേറ്റിലുള്ള ഹോം ഓഫ് ഫോക് ആര്‍ട് മ്യൂസിയത്തില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ ഇവിടെ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആദിവാസി പാരമ്പര്യവൈദ്യം വനവിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാള്‍ തുടങ്ങിയവയും ഒരുക്കാന്‍ പദ്ധതിയുണ്ട്. 2015ലാണ് പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. രണ്ടര ഏക്കറോളം വരുന്ന ചിറ നേരത്തെ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കുഞ്ഞോം. വനാതിര്‍ത്തിയിലുള്ള മലമ്പ്രദേശമാണിത്. കണ്ണവം വനമേഖലയില്‍പെട്ട വിലങ്ങാട്, പാനോം, പന്നിപ്പാട് എന്നീ കാടുകള്‍ ഗ്രാമാതിര്ത്തികളാണ്. പടിഞ്ഞാറോട്ടൊഴുകുന്ന മാഹി പുഴയും കിഴക്കോട്ടൊഴുകുന്ന മാനന്തവാടി പുഴയും കുങ്കിച്ചിറയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ പടയോട്ടം, പഴശ്ശി രാജാവിന്റെ ഒളിപ്പോരാട്ടം എന്നിവ ഈ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."