മിണ്ടാപ്രാണികളോടും കരുണയില്ല
താനൂരില്‍ കൊടിയുടെ നിറം നോക്കി അയല്‍ക്കാരന്റെ വീടിന് തീയിട്ടവര്‍ മിണ്ടാപ്രാണികളോടും ക്രൂരതകാട്ടി. കടലോരത്ത് 100 മീറ്റര്‍ മാത്രം ദൂരത്തിലാണ് 75 പ്രാവുകള്‍ക്കു മത്സ്യത്തൊഴിലാളികളായ മുനീറും മണിയും കൂടൊരുക്കിയിരുന്നത്. കത്തിയ പ്രാവിന്‍കൂടെവിടെ എന്ന് ചോദിച്ച ഞങ്ങള്‍ക്കുമുന്നിലേക്ക് മുനീര്‍ ഉയര്‍ത്തിക്കാണിച്ചത് കത്തിയെരിഞ്ഞ ചിറകും പാതി ജീവനുമായി നില്‍ക്കുന്ന മൂന്നുപ്രാവുകളും, പിന്നെ ഒരുപിടി ചാരവും...
''ഇന്നുവരെ ഒരു കൊടിയും പിടിച്ചിട്ടില്ല, ഒരാള്‍ക്കും താനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആയിരം മുതല്‍ ആറായിരം വരെ വിലവരുന്ന 75 പ്രാവുകള്‍. ഇന്നലെ വിരിഞ്ഞ പ്രാവിന്‍കുഞ്ഞുമുതല്‍ അടയിരിക്കുന്ന അമ്മപ്രാവു വരെ അതിലുള്‍പ്പെടും. ലീഗുകാരും സി.പി.എമ്മുകാരും ആയിട്ട് ഒത്തിരി പേരുണ്ടെനിക്ക് കൂട്ടുകാരായി. വൈകുന്നേരങ്ങളില്‍ കടലോരത്തെ പ്രാവിന്‍കൂട്ടത്തിന്റെ കുസൃതി കാണാനായി എല്ലാവരും വരും..മുനീറിന്റെ വാക്കുകള്‍ മുറിഞ്ഞു. കടലിനും കുടിലിനും ഇടയിലുള്ള പ്രാവിന്‍കൂട് മാത്രമാണ് മുനീറിന്റെ ലോകം. മത്സ്യബന്ധനം കഴിഞ്ഞാല്‍ മുനീറിന്റെ ഊണും ഉറക്കവുമെല്ലാം ഈ പ്രാവിന്‍കൂടിനടുത്താണ്. ഞായറാഴ്ച രാത്രി അക്രമികളൊഴിച്ച മണ്ണെണ്ണയില്‍ കുതിര്‍ന്ന പ്രാവുകളുടെ ചിറകിനും മരപ്പലകയില്‍ തീര്‍ത്ത കൂടിനും നിമിഷങ്ങള്‍ക്കകം ഒരേ പേരായി...ചാരം..ചാരം...ആഴ്ചകള്‍ക്കുമുമ്പ് പണ്ടാരകടപ്പുറത്ത് നടന്ന സംഘര്‍ഷത്തിനിടയിലും നിരവധി പ്രാവുകളെ കൂട്ടത്തോടെ ചുട്ടെരിച്ചിരുന്നു. അക്രമികളെത്തുമ്പോഴേക്ക് ആളുകള്‍ ഓടി ഒളിക്കും. പിന്നെ ബാക്കിയാകുന്നത് വീടും വീട്ടിലെ മിണ്ടാപ്രാണികളും മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."