കണ്ണൂരിലെ തിരുവേപ്പതിമില്ലും നായനാര്‍ അക്കാദമിയും
1965 മുതല്‍ 1998 വരെ കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ പ്രവര്‍ത്തിച്ചു വന്ന ടെക്സ്റ്റയില്‍ മില്ല് ഇന്ന് നായനാര്‍ അക്കാദമിയായി മാറുകയാണ്. 33 വര്‍ഷം തൊഴിലാളികള്‍ ജോലി ചെയ്തു വന്ന ഒരു വന്‍കിട വ്യവസായ സ്ഥാപനത്തെ ഇല്ലാതാക്കി നായനാര്‍ അക്കാദമി സ്ഥാപിച്ച സി.പി.എമ്മിന്റെ പ്രവൃത്തി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന ആശയത്തില്‍ നിന്നും കുത്തക മുതലാളിത്ത സര്‍വാധിപത്യം എന്ന ആശയത്തിലേക്കുള്ള കുതിച്ചു കയറ്റമാണെന്ന് പറയാതെ വയ്യ.
തൊഴില്‍പ്രശ്‌നങ്ങളും സി.പി.എമ്മിന്റെ കച്ചവടവും
600ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്തുവന്ന സ്ഥാപനം 1998 ഫെബ്രുവരി 16നാണ് അടച്ചുപൂട്ടിയത്. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി തൊഴിലാളി സംഘടനകള്‍ കൂട്ടായി നടത്തിയ സമരപോരാട്ടങ്ങള്‍ നിരവധിയായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ഫെബ്രുവരി 25ന് കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികള്‍ക്കും നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ നല്‍കി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
മൂന്ന് ഏക്കര്‍ 73 സെന്റ് ഭൂമിയിലാണ് ജര്‍മന്‍കാര്‍ നിര്‍മിച്ച വന്‍കിട വ്യവസായ സ്ഥാപനവും 100 കോടിയോളം രൂപ വിലവരുന്ന ടെക്സ്റ്റയില്‍ യന്ത്രസാമഗ്രികളും ഉണ്ടായിരുന്നത്. സ്ഥാപനം വില്‍പ്പന ചെയ്യാനുള്ള നീക്കമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഏതാനും വ്യവസായ പ്രമുഖര്‍ സ്ഥാപനം വിലക്കുവാങ്ങുന്നതിന് മുന്നോട്ട് വന്നിരുന്നു. എന്നാല്‍, വ്യവസായികളെ നേരിട്ടും ടെലിഫോണിലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. മാത്രമല്ല, തുച്ഛമായ വിലക്ക് സ്ഥാപനം അവര്‍ കൈക്കലാക്കുകയും ചെയ്തു. ആറര കോടി രൂപയാണ് വില്‍പ്പനയിലൂടെ ലഭിച്ചതെന്നാണ് കോടതിയിലൂടെ അറിയാന്‍ കഴിഞ്ഞത്. 3 ഏക്കര്‍ 73 സെന്റ് ഭൂമിക്ക് മാത്രം പ്രസ്തുത സ്ഥലത്തെ നടപ്പ് വില അന്നത്തേത് അനുസരിച്ച് മുപ്പത്തേഴര കോടി രൂപ ലഭിക്കേണ്ടതായിരുന്നു. (എന്നാല്‍ സി.പി.എം വാങ്ങിയ വില ഒരു സെന്റിന് 1,73,000 രൂപ മാത്രം). കെട്ടിടത്തിന്റെ മിഷനറികളുടെയും മറ്റും കോടികള്‍ വേറെ. ഇത്രയും സംഖ്യ ലഭിച്ചിരുന്നുവെങ്കില്‍ തൊഴിലാളികളുടെ നിയമാനുസൃതമുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, ഇന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ കേരള ഹൈക്കോടതിയുടെ വിധിയും കാത്തിരിക്കുന്നു. വിധി വന്നാല്‍ ആരാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുക എന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാവുന്നു.
ഇന്നും പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍
1) സീനിയര്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റിപോലും ലഭിച്ചിട്ടില്ലെന്ന അവരുടെ പരാതി ഹൈക്കോടതിയിലാണ്.
2) സ്ഥിരം തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിച്ച 10.01.2008 വരെ കണക്കാക്കി തങ്ങള്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന ബദിലി കാഷ്യല്‍ തൊഴിലാളികളുടെ കേസും ഹൈക്കോടതിയിലാണ്. ഒഫിഷ്യല്‍ ലിക്വഡേറ്റര്‍ ആനുകൂല്യം കണക്കാക്കിയത് 16.02.1998 വരെ മാത്രമാണ്.
3) 1996,97,98 സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഈടാക്കിയ പ്രൊവിഡന്റ് ഫണ്ട് വിഹിതം മാനേജ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ അടക്കാതിരുന്നതിനാല്‍ ഉണ്ടായ പലിശ, പിഴപലിശ, ഡാമേജ് എന്നിവ ഉള്‍പ്പെടെ 1 കോടി 49 ലക്ഷം രൂപ ഈടാക്കിയെടുക്കാന്‍ പ്രൊവിഡന്റ് ഫണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഹൈക്കോടതിയുടെ ഉത്തരവ് വാങ്ങി ലിക്വിഡേറ്ററെ സമീപിച്ചിരിക്കുകയാണ്. ഇത് താല്‍ക്കാലിക സ്റ്റേയിലാണ്.
പിടിച്ചെടുക്കലിന്റെ സി.പി.എം മാതൃക
2006 ആഗസ്തില്‍ കണ്ണൂര്‍ ഇന്ത്യന്‍ ബാങ്ക് മുഖേനയായിരുന്നു തിരുവേപ്പതി മില്ല് ടെണ്ടര്‍വില്‍പ്പന പൂര്‍ത്തീകരിച്ചത്. ബാങ്കില്‍ അപേക്ഷ നല്‍കാന്‍ വന്നിരുന്ന നൂറുകണക്കിനാളുകളെയാണ് രാവിലെ എട്ടു മണി മുതല്‍ ബാങ്കിന് മുമ്പില്‍ തമ്പടിച്ച സി.പി.എം സംഘങ്ങള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചത്.
ഏതെങ്കിലും ഒരു വ്യവസായി സ്ഥാപനം എടുത്തിരുന്നെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഇന്ന് ജോലി ചെയ്യാമായിരുന്നു. അവിടെ ജോലിചെയ്തുവന്ന തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യം ലഭിക്കുമായിരുന്നു. സര്‍വീസുള്ള ഒരു തൊഴിലാളി 13,50,000 രൂപ നിയമാനുസൃത ക്ലെയിം നല്‍കിയെങ്കിലും ലഭിച്ചതു 1,20,000 രൂപയാണ്. കണ്ണീരും കൈയുമായി പാവം തൊഴിലാളികള്‍ക്ക് മടങ്ങിപ്പോകേണ്ടിവന്നു.
വിലക്കുവാങ്ങിയ ശേഷം തിരുവേപ്പതി മില്ല് കെട്ടിടം പൊളിച്ചു നിരപ്പാക്കി. കെട്ടിടം പൊളിച്ച വാര്‍ത്ത കണ്ണൂരുകാര്‍ പലരും അറിഞ്ഞില്ലെങ്കിലും ജര്‍മനിയില്‍ ബാസല്‍ മിഷനുമായി ബന്ധപ്പെട്ടവര്‍ അറിഞ്ഞു. അവരുമായി ബന്ധമുള്ളവര്‍ ബര്‍ണശ്ശേരിയില്‍ ഇപ്പോഴും ഉണ്ടല്ലോ. രണ്ടു പേര്‍ ജര്‍മനിയില്‍ നിന്നു വന്നു. തിരുവേപ്പതിയുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥനയിലായിരുന്നു. കണ്ണുനീരോടെ അവര്‍ പറഞ്ഞു. തങ്ങള്‍ അറിയാന്‍ വൈകിപ്പോയി. അറിഞ്ഞെങ്കില്‍ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലായിരുന്നു. 1834 മുതല്‍ 1914 വരെ സൗത്തുകനറയിലും മലബാറിലും ഞങ്ങളുടെ പൂര്‍വികര്‍ കെട്ടിപ്പൊക്കിയ ഒരു വ്യവസായ സ്ഥാപനങ്ങളും പൊളിച്ചുനീക്കിയിട്ടില്ല.
ഇതുമാത്രം ഇങ്ങനെ സംഭവിച്ചു. മംഗലാപുരത്തും കാസര്‍കോടും കോഴിക്കോടും ചോമ്പാലയിലും ബാസല്‍ മിഷനുകാര്‍ സ്ഥാപിച്ച കെട്ടിടങ്ങള്‍ ആരും പൊളിച്ചുമാറ്റിയിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. 1834 മുതല്‍ 1914 വരെയുള്ള പഠന റിപ്പോര്‍ട്ടിന്റെ ഒരു പുസ്തകം അവിടെ സമര്‍പ്പിച്ചു തൊഴുകൈയോടെ അവര്‍ യാത്രയായി.
നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെയൊരു തൊഴിലാളി വഞ്ചനക്ക് അനുവദിക്കുമായിരുന്നില്ല. തൊഴിലാളിവര്‍ഗമേ നിങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, പൊട്ടിച്ചെറിയൂ നിന്റെ കൈയിലെ കൈചങ്ങലകള്‍, കിട്ടാനുണ്ട് പുതിയൊരു ലോകം എന്നാഹ്വാനം ചെയ്ത് തൊഴിലാളികളെ ആവേശം കൊള്ളിച്ചവര്‍ തൊഴിലാളികളുടെ കൈകളില്‍ ചങ്ങലകള്‍ ഇടുക മാത്രമല്ല അവരെ കൂരിരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണിപ്പോള്‍.
തിരുവേപ്പതി മില്‍ ഭൂമി ഒരു ശാപഭൂമിയെന്നാണ് പലരും പറയുന്നത്. മിഷ്യന്‍ഷാപ്പ് നടത്തിയ സായിപ്പിനും റാണി മില്‍ നടത്തിയ ചെട്ട്യാര്‍ക്കും തിരുവേപ്പതി നടത്തിയ തമിഴുനാട്ടുകാരനും വന്നുചേര്‍ന്ന അനുഭവം നായനാര്‍ അക്കാദമിയുടെ അധികൃതര്‍ക്ക് വരാതിരിക്കട്ടെ. നായനാര്‍ അക്കാദമിയില്‍ നിന്നു എന്തു പഠനം നടത്തിയാലും തിരുവേപ്പതിയിലെ മുന്‍കാല സി.പി.എം, സി.ഐ.ടി .യു നേതാക്കളായ സി. കണ്ണന്റെയും ഒ. ഭരതന്റെയും പഠനത്തോടൊപ്പം അതൊന്നും എത്തില്ലെന്ന വസ്തുത മറക്കരുത്.
( ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."